flex
ഫ്‌ളെക്സുകൊണ്ട് മറച്ചുകെട്ടിയ വീടിനു മുന്നിൽ കുഞ്ഞിമോൾ

ആശങ്കയിൽ കുഞ്ഞിമോളും കുടുംബവും

പൊന്നാനി: കാലവർഷമെത്തുമ്പോൾ, കഴിഞ്ഞ പ്രളയകാലത്തിന്റെ നടുക്കം വീട്ടുമാറാതെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട്ടിൽ ശ്വാസമടക്കി കഴിയുകയാണ് തവനൂർ നേഡറ്റിലെ ഉപ്പുപറമ്പ് കുഞ്ഞിമോളും കുടുംബവും. ചോർന്നൊലിക്കുന്ന ഓലമേഞ്ഞ കുടിലിൽ നിന്നും എന്ന് മോചനമാവുമെന്ന് ഇപ്പോഴും കുടുംബത്തിനറിയില്ല.

ഓരോ മഴക്കാലമെത്തുമ്പോഴും തവനൂർ നേഡറ്റിലെ ഉപ്പുപറമ്പ് കുഞ്ഞിമോൾക്ക് ആധിയാണ്. പെയ്‌തൊഴിയുന്ന മഴ മുഴുവനും ഓല മേൽക്കൂരക്കിടയിലൂടെ വീട്ടിലെത്തും. വർഷങ്ങളായി ഓല മേഞ്ഞിട്ട്. മഴ കനത്താൽ കൺമുന്നിലെ ഭാരതപ്പുഴ നിറഞ്ഞു കവിഞ്ഞ് വീട് മുഴുവൻ വെള്ളത്തിനടിയിലാവും. പാതി തളർന്ന ഭർത്താവിനെയും പ്രായപൂർത്തിയായ മകളെയും കൊണ്ട് പിന്നീട് മാസങ്ങളോളം ദുരിതാശ്വാസ ക്യാമ്പിൽ കഴിയേണ്ട ഗതികേട്.

ഇക്കഴിഞ്ഞ ആഴ്ച്ചകളിൽ പെയ്ത വേനൽമഴയിലും വീടിനകത്ത് വെള്ളം തളം കെട്ടി നിന്നതോടെ സങ്കട കടലിലാണിവർ. തുടർന്ന് സമീപവാസികൾ നൽകിയ ഫ്ളക്സ് ഉപയോഗിച്ച് മേൽക്കൂര കെട്ടി മറച്ചു. മഴ കനത്താലുള്ള അവസ്ഥ ആലോചിക്കാൻ പോലുമാവുന്നില്ല. പുഴയിൽ നിന്ന് വെള്ളം കയറി കുടിൽ നിലം പൊത്തുമെന്നുറപ്പ്. 22 വർഷം മുമ്പ് പൊന്നാനിയിൽ നിന്നും തവനൂർ നേഡറ്റിലെ ഭാരതപ്പുഴയോരത്ത് കുടിൽ കെട്ടിയുണ്ടാക്കുമ്പോൾ ഈ കുടുംബം കരുതിയില്ല വരാനിരിക്കുന്നത് ദുരിതപ്പെയ്ത്തിന്റെ കാലമാണെന്ന്. കുഞ്ഞിമോളുടെയും രണ്ട് പെൺമക്കളുടെയും ഏക ആശ്രയമായ ഭർത്താവ് ഹസൈനാർ പക്ഷാഘാതം മൂലം കിടപ്പിലായതോടെ അടച്ചുറപ്പുള്ള വീടെന്നത് ഇവർക്ക് സ്വപ്നം മാത്രമായി. പിന്നീട് തുച്ഛ വരുമാനത്തിന് വീട്ടുജോലിക്ക് പോയി കുടുംബം പോറ്റുന്നതിനിടെ ലോക്ക് ഡൗൺ എത്തിയതോടെ പട്ടിണിയിലുമായി.

സന്മനസുള്ളവർ കനിഞ്ഞാൽ കിടപ്പിലായ ഭർത്താവിനും പ്രായപൂർത്തിയായ മകൾക്കുമൊപ്പം അടച്ചുറപ്പുള്ള വീട്ടിൽ കഴിയാമെന്നാണ് നിറകണ്ണുകളോടെ കുഞ്ഞിമോൾ പറയുന്നത്.

പുറമ്പോക്ക് ഭൂമിയിലായതിനാൽ സർക്കാർ സഹായങ്ങളൊന്നും ഈ കുടുംബത്തെ തേടി എത്തുന്നുമില്ല. സുമനസ്സുകളുടെ സഹായഹസ്തമാണ് ഇവർ കാത്തിരിക്കുന്നത്.