തിരൂരങ്ങാടി : മഴക്കാലമെത്തിയാൽ തിരൂരങ്ങാടി വെഞ്ചാലി വയലിൽ ചാകരയാണ്. മുതിർന്നവരും യുവാക്കളും എല്ലാമായി വലിയൊരു കൂട്ടം മീൻപിടിക്കാനെത്തും. മീൻപിടിത്തക്കാരെ വരവേൽക്കാൻ കടകളിൽ വിവിധ തരത്തിലുള്ള വലകളും എത്തിക്കഴിഞ്ഞു.

ഈ പ്രാവശ്യം കൊവിഡ് കാരണം മീൻപിടിത്തക്കാർ കുറയുമോ എന്ന ആശങ്കയുണ്ട്. എന്നാൽ വിദേശത്ത് നിന്നും അന്യസംസ്ഥാനത്ത് നിന്നുമായി നിരവധി പേർ എത്തിയ സമയമാണിത്. അതിനാൽ തന്നെ നീന്തിത്തുടിക്കാനും മീൻപിടിക്കാനുമായി എത്തുന്നവരുടെ എണ്ണം കുറയാനിടയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വയലിൽ വെള്ളം നിറയുമ്പോഴേക്കും ലോക്ക് ഡൗണിൽ ഇളവുകളുണ്ടാവുമെന്ന പ്രതീക്ഷയുമുണ്ട്.

വയലിൽ ആദ്യം വെള്ളമെത്തിയാൽ വടി കൊണ്ട് കണ്ടടി വല ഉപയോഗിച്ചാണ് മീൻപിടിക്കുക. വലയിൽ കിട്ടുന്ന മീനിന് ആവശ്യക്കാരേറും. മത്സ്യവിൽപ്പന സജീവമാവുന്ന നാളുകളാണിത്. നീരൊഴുക്ക് കുറഞ്ഞാൽ വലയും വടിയും എടുത്തു മാറ്റും. വലവീശിയും ചൂണ്ടയിട്ടുമാണ് പിന്നെ മീൻപിടിത്തം. എല്ലാവർഷവും വലകൾക്ക് ആവശ്യമായ സാധനങ്ങൾ പരപ്പനങ്ങാടി, താനൂർ എന്നിവിടങ്ങളിൽ നിന്ന് വാങ്ങിയാണ് കെട്ടി തയ്യാറാക്കുന്നതെന്ന് ചെറുമുക്ക് വെസ്റ്റിലെ
കുറുപ്പനകത്ത് സിദ്ധിഖ് പറഞ്ഞു.സിദ്ധിഖിന്റെ ഏക വരുമാനം മീൻപിടിത്തമാണ് വയലിലെ മീൻപിടിത്തം നിലച്ചാൽ പൊന്നാനി പുഴയിലും
ചാവക്കാട്, പൊന്നാനി അഴിമുഖം, കൂട്ടായി, താനൂർ, പരപ്പനങ്ങാടി ,ചെട്ടിപ്പടി, ബേപ്പൂർ എന്നിവിടങ്ങളിൽ നാട്ടിലെ സുഹൃത്തുക്കളുമൊത്ത് വലയുമായി പോയി മീൻപിടിക്കും.

ഉത്സവത്തിമിർപ്പ്

ചെറുമുക്ക്, ചെമ്മാട്, തിരൂരങ്ങാടി ഭാഗങ്ങളിൽ ഏക്കറുകണക്കിന് വ്യാപിച്ച് കിടക്കുന്ന വയലേലയിൽ വെള്ളം നിറയുന്നതോടെ ഈ മനോഹര കാഴ്ച കാണാൻ നിരവധി പേരെത്താറുണ്ട്. മീൻപിടിത്തത്തിനൊപ്പം നീന്തൽമത്സരങ്ങളും ഇവിടെ നടക്കാറുണ്ട്.

രാത്രിയും പകലുമായി നിരവധി പേരാണ് വലയുമായി വെഞ്ചാലി വയലിലെത്തുക. ബിലാൽ, വാള, കോലി, പരൽ, കൊഞ്ചൻ എന്നീ മീനുകളാണ് വയലിൽ നിന്ന് കൂടുതലായും കിട്ടുന്നത്.