തിരൂർ : മദ്യലഹരിയിൽ പിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂർ ഏഴൂർ പുളിക്കൽ മുഹമ്മദ് ഹാജിയാണ് (70) കൊല്ലപ്പെട്ടത്. ഇളയമകൻ അബൂബക്കർ സിദ്ദിഖാണ്(27) അറസ്റ്റിലായത്.
ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. മദ്യവും മറ്റു ലഹരിവസ്തുക്കളും ഉപയോഗിച്ച് സ്ഥിരമായി വീട്ടിലെത്തുന്ന അബൂബക്കർ സിദ്ദിഖിനെ മുഹമ്മദ് ഹാജി ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ മകൻ പിതാവിനെ മർദ്ദിക്കുകയും തള്ളിയിടുകയുമായിരുന്നു. അക്രമാസക്തനായ അബൂബക്കർ സിദ്ദിഖിനെ നാട്ടുകാർ പിടികൂടി മരത്തിൽ കെട്ടിയിട്ടു. അവശനിലയിലായ മുഹമ്മദ് ഹാജിയെ ഉടൻ തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. അബൂബക്കർ സിദ്ധിഖ് നിർമ്മാണത്തൊഴിലാളിയാണ്. ആയിഷയാണ് മുഹമ്മദ് ഹാജിയുടെ ഭാര്യ. മറ്റുമക്കൾ: മറിയാമു, ഫാത്തിമ, മുജീബ്.