മലപ്പുറം: ജില്ലയിൽ രണ്ടുപേർക്ക് കൂടി ഇന്നലെ കൊവിഡ്-19 സ്ഥിരീകരിച്ചു. മേയ് 17 ന് അബുദാബിയിൽ നിന്നെത്തിയ ഊരകം പുത്തൻപീടിക സ്വദേശി 39കാരൻ, 27 ന് ദുബായിൽ നിന്നെത്തിയ എടയൂർ മന്നത്തുപറമ്പ് സ്വദേശി 26 കാരൻ എന്നിവർക്കാണ് രോഗബാധയെന്ന് ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം. എൻ.എം. മെഹറലി അറിയിച്ചു. കരിപ്പൂരിലിറങ്ങിയ ഇരുവരും മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിലാണ്. ഇവർക്ക് പുറമെ മലപ്പുറം സ്വദേശിയായ ഒരാൾക്ക് പാലക്കാടും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായവർ വീടുകളിൽ പൊതു സമ്പർക്കമില്ലാതെ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. വീടുകളിൽ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവർക്ക് സർക്കാർ ഒരുക്കിയ കൊവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദ്ദേശങ്ങൾ പൂർണമായും പാലിക്കണം. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.
ഒരാൾ കൂടി കൊവിഡ് വിമുക്തനായി
കൊവിഡ്-19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ.മെഡിക്കൽ കോളേജ് രോഗം ഭേദമായതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു.
മേയ് ഏഴിന് അബുദാബിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തിയതായിരുന്നു ഇയാൾ. കോവിഡ് കെയർ സെന്ററിൽ പ്രത്യേക നിരീക്ഷണത്തിൽ തുടരുന്നതിനിടെ 23 നാണ് രോഗബാധ സ്ഥിരീകരിച്ചത്.