മലപ്പുറം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ നിറുത്തിവച്ച ദീർഘദൂര ട്രെയിൻ സർവീസുകൾ ഇന്നുമുതൽ പുനരാരംഭിക്കുന്ന സാഹചര്യത്തിൽ തിരൂർ റെയിൽവേ സ്റ്റേഷനിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാകളക്ടറുടെ ചുമതലയുള്ള എ.ഡി.എം എൻ.എം മെഹറലി അറിയിച്ചു. ഇന്ന് പുലർച്ചയോടെ ട്രെയിനുകൾ എത്തിച്ചേരുമെന്നാണ് വിവരം. ഇതര സംസ്ഥാനങ്ങളിൽ നിന്നും ട്രെയിൻ മാർഗ്ഗം എത്തിച്ചേരുന്നവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നതിനും ക്വാറന്റൈൻ, വാഹനഗതാഗതം തുടങ്ങിയ കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും ജില്ലാതലത്തിൽ വിവിധ വകുപ്പുകളെ ചുമതലപ്പെടുത്തി. സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ വിവരങ്ങൾ ജില്ലാതല കൺട്രോൾ റൂമിലും കൊവിഡ് 19 ജാഗ്രത പോർട്ടലിലും യഥാസമയം അപ് ലോഡ് ചെയ്യും. ഇതിനായി മൂന്നുപേരടങ്ങുന്ന മൂന്ന് ടീമുകളെ നിയമിച്ചിട്ടുണ്ട്. സ്റ്റേഷനിൽ പരിശോധനയ്ക്കാവശ്യമായ ആരോഗ്യപ്രവർത്തകരെ നിയോഗിക്കുകയും തെർമൽ സ്കാനറും മറ്റ് ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. പരിശോധനയിൽ രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തിയാൽ അവരെ ആശുപത്രികളിലെത്തിക്കാൻ ആംബുലൻസ് സർവീസും ഒരുക്കി.
റെയിൽവേ പ്ലാറ്റ് ഫോമിനകത്ത് ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ സംസ്ഥാന പൊലീസ് റെയിൽവേ പൊലീസുമായി ചേർന്ന് നിർവഹിക്കും. തിരൂർ റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയിട്ടുള്ള മുഴുവൻ ക്രമീകരണങ്ങളുടെയും ഏകോപന ചുമതലകൾ നിർവഹിക്കുന്നതിനായി തിരൂർ ലാൻഡ് ട്രൈബ്യൂണൽ സ്പെഷ്യൽ തഹസിൽദാർ എം.എസ് സുരേഷ്കുമാറിനെ സ്റ്റേഷൻ തല നോഡൽ ഓഫീസറായും ലാൻഡ് അക്വസിഷൻ(ജനറൽ ) സ്പെഷ്യൽ തഹസിൽദാർ കെ.കെ ബിനിയെ സ്റ്റേഷൻ തല അസിസ്റ്റന്റ് നോഡൽ ഓഫീസറായും നിയമിച്ചിട്ടുണ്ട്.
സുരക്ഷ ഉറപ്പാക്കും
യാത്രക്കാർ കൃത്യമായ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പുവരുത്തും.
റെയിൽവേ സ്റ്റേഷനിലെ ഉച്ചഭാഷിണിയിലൂടെ യാത്രക്കാർക്ക്സുരക്ഷ മുൻകരുതലുകളും നിർദ്ദേശങ്ങളും ഇടവിട്ട് നൽകും.
സ്റ്റേഷനിൽ ആവശ്യമായ വീൽച്ചെയറുകളും ഉറപ്പാക്കും.
ട്രെയിൻ യാത്രക്കാർക്കായി കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്തും. അതിനായി മോട്ടോർ വാഹനവകുപ്പിനെ ചുമതലപ്പെടുത്തി.
പ്രീപെയ്ഡ് ടാക്സി സൗകര്യവും ഏർപ്പെടുത്തും.