obit

അഗളി: പ്ലാസ്റ്റിക് കയറുകൊണ്ട് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നശേഷം യുവാവ് തൂങ്ങിമരിച്ചു. മുക്കാലി താന്നിച്ചോട് കരുവാര ഊരിന് സമീപം താമസിക്കുന്ന ചന്ദ്രനാണ് (42) ഭാര്യ ശാന്തയെ(39) കൊലപ്പെടുത്തിയശേഷം വീടിനുള്ളിൽ ആത്മഹത്യ ചെയ്‌തത്.

ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. കുടുംബ കലഹമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ശാന്തയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. രണ്ടുമക്കളുണ്ട്. ഒന്നരവയസുള്ള സുനിയും എട്ടുവയസുള്ള രമേഷും. ഇവരെ കൂടാതെ ആദ്യ വിവാഹത്തിൽ രണ്ടുകുട്ടികളുണ്ട്. മനോജ് (9), ദേവകി(21). ദേവകി വിവാഹം കഴിഞ്ഞ് സമീപത്തെ വാടക വീട്ടിലാണ് താമസം. വീട്ടിലുണ്ടായിരുന്ന

മറ്റു കുട്ടികളെ പുറത്താക്കിയശേഷമാണ് ചന്ദ്രൻ കൊല നടത്തിയത്. തുടർന്ന് കിടപ്പുമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. കുട്ടികൾ ബഹളംവച്ചതിനെ തുടർന്ന് നാട്ടുകാരെത്തി വാതിൽ പൊളിച്ചുനോക്കിയപ്പോഴാണ് സംഭവം അറിഞ്ഞത്. അഗളി ഡിവൈ.എസ്.പി സി. സുന്ദരൻ, സി.ഐ ഹിദായുത്തുള്ള മാമ്പ്ര, എസ്.ഐ വേണു എന്നിവർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ. പോസ്‌റ്റുമോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.