രാധാകൃഷ്ണൻ മാന്നന്നൂർ
ഒറ്റപ്പാലം: പൊതുസ്ഥലങ്ങളിൽ തുപ്പുന്നവർക്ക് പിന്നാലെ കാമറയുമായി സഞ്ചരിച്ച് ഡോ.വി.വേണുഗോപാൽ ഒരു ഹ്രസ്വ സിനിമയൊരുക്കി. 12 വർഷം മുമ്പ്. 'പ്ലീസ്" എന്ന പേരിൽ അത് മലയാളിക്ക് നൽകിയത് തുപ്പലിനെതിരെയുള്ള വലിയ സന്ദേശമായിരുന്നു. പൊതുസ്ഥലങ്ങളിൽ തുപ്പുന്ന മോശപ്പെട്ട സംസ്‌കാരത്തെ തിരുത്താനുള്ള ബോധവത്ക്കരണ സിനിമക്ക് ഈ കൊവിഡ് കാലത്ത് പ്രസക്തി ഏറുകയാണ്.

സംസ്ഥാന സർക്കാരിന്റെ കൊവിഡ് പ്രതിരോധത്തിന്റെ രണ്ടാംഘട്ട കാമ്പയിനിന്റെ മുദ്രാവാക്യം 'തുപ്പല്ലേ, നമ്മൾ തോറ്റു പോകുമെന്നാണ്".
ഈ പ്രചാരണത്തിന് പിന്തുണ നൽകി ഡോ.വേണുഗോപാൽ 'പ്ലീസ്" എന്ന തന്റെ ഡോക്യുഫിക്ഷൻ വീണ്ടും സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചു.

ചലച്ചിത്ര രംഗത്ത് വേറിട്ട സാന്നിദ്ധ്യം

ആനച്ചന്തം, ഫോർ ദി പീപ്പിൾ എന്നിങ്ങനെ മുപ്പതോളം സിനിമയിൽ ഡോക്ടർ വേഷമിട്ടു. സ്റ്റെതസ്‌കോപ്പ് എന്ന സിനിമ നിർമ്മിച്ചു. ഒരു
മുത്തച്ഛന്റെ വ്യാകുലതകൾ എന്ന പേരിൽ കൊവിഡിനെതിരെ സിനിമ എടുക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ. ഒറ്റപ്പാലം വടക്കൂട്ട് (കപ്പൂർ) ആനത്തറവാട്ടിലെ അംഗമായ ഡോ.വി.വേണുഗോപാൽ പെരിന്തൽമണ്ണയിലെ പ്രമുഖ ശിശുരോഗ വിദഗ്ദ്ധനാണ്.

തുപ്പൽ പകർച്ച വ്യാധിക്കിടയാക്കും

പൊതുസ്ഥലങ്ങളിൽ തുപ്പുന്നതും തുമ്മുന്നതുമൊക്കെ ക്ഷയരോഗമടക്കം മാരക പകർച്ച വ്യാധികൾക്ക് കാരണമാകുമെന്ന സന്ദേശമായിരുന്നു പ്ലീസിലൂടെ സമൂഹത്തിലെത്തിച്ചത്. മട്ടന്നൂർ ശങ്കരൻകുട്ടി ചെണ്ടയിൽ പശ്ചാത്തല സംഗീതമൊരുക്കി. കലാമണ്ഡലം രാമദാസിന്റെ കഥകളി വേഷവും ഇതിന്റെ ഭാഗമായി. സുരേഷ് ഇളങ്കൊല്ലൂർ സംവിധാനം ചെയ്തു. പൊതുസ്ഥലങ്ങളിൽ തുപ്പുന്നവരെ പരസ്യമായും രഹസ്യമായും കാമറയിലാക്കി കഥാപാത്രങ്ങളാക്കി.
-ഡോ.വി.വേണുഗോപാൽ