പാലക്കാട്: ആരോഗ്യ ജാഗ്രത പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജില്ലയിൽ മഴക്കാല പൂർവ ശുചീകരണ കാമ്പയിൻ ആരംഭിച്ചു. ചിക്കൻഗുനിയ, ഡെങ്കിപ്പനി, എലിപ്പനി, മന്ത് തുടങ്ങിയ കൊതുകുജന്യ രോഗങ്ങൾ തടയേണ്ടതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിലെ മാലിന്യനിക്ഷേപം അടിയന്തരമായി നീക്കാൻ ശുചിത്വമിഷൻ, തദ്ദേശ സെക്രട്ടറിമാർക്ക് നിർദേശം നൽകി.
ശുചീകരണത്തിന് ശേഷം വീണ്ടും മാലിന്യനിക്ഷേപം നടക്കുന്നില്ലെന്ന് ഉറപ്പാക്കണം. പരിസര ശുചീകരണം ഉറപ്പുവരുത്താത്ത തദ്ദേശ സ്ഥാപനങ്ങൾക്കെതിരെ ദേശീയ ദുരന്ത നിവാരണ നിയമ പ്രകാരം നടപടിയെടുക്കും.
കുടുംബാംഗങ്ങൾ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പൊന്തകാടുകളും ചപ്പുചവറുകളും വെള്ളം കെട്ടിനിൽക്കാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളും വൃത്തിയാക്കണം. വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണം. സ്ഥിരം ഈർപ്പമുള്ള സ്ഥലങ്ങളിൽ ബ്ലീച്ചിംഗ് പൗഡർ വിതറുകയോ ക്ലോറിനേറ്റ് ചെയ്യുകയോ വേണം. അടഞ്ഞ അഴുക്കുചാലുകൾ വൃത്തിയാക്കണം.
ജില്ലയിൽ 36 പഞ്ചായത്തുകളിൽ ശുചീകരണ പ്രവർത്തനം പുരോഗമിക്കുകയാണ്. സ്ഥിരമായി മാലിന്യനിക്ഷേപം നടക്കുന്ന പ്രദേശങ്ങളിൽ മുന്നറിയിപ്പ് ബോർഡുകളും കാമറകളും പൊലീസ് പട്രോളിംഗും ഉറപ്പുവരുത്തണം.
-വൈ.കല്യാണകൃഷ്ണൻ, ജില്ലാ കോഡിനേറ്റർ, ഹരിത മിഷൻ.