അലനല്ലൂർ: പുഴയിലെങ്ങും എളുപ്പവിദ്യയിൽ മീൻ പിടിക്കുന്നവരുടെ തിരക്കാണിപ്പോൾ. ലോക്ക്ഡൗണിൽ ഇളവ് വരുത്തിയതോടൊപ്പം ചെറിയ വേനൽ മഴയിൽ നീരൊഴുക്ക് തുടങ്ങിയതോടെയാണ് മീൻപിടുത്ത രസികർ വെള്ളിയാർ പുഴയിലെത്തിയത്.
പ്ലാസ്റ്റിക്ക് ബോട്ടിലുപയോഗിച്ച് എളുപ്പ വിദ്യയിലാണ് മീൻ പിടിത്തം. പരമ്പരാഗത മീൻപിടുത്തം അറിയുന്നവരും അല്ലാത്തവരും ഇങ്ങനെ വരുന്നുണ്ട്. വലിയ പ്ലാസ്റ്റിക്ക് കുപ്പിയുടെ മദ്ധ്യ ഭാഗം തുളച്ച് ഇതിൽ മറ്റൊരു കുപ്പിയുടെ വായ്ഭാഗം ഫണലിന്റെ ആകൃതിയിൽ മുറിച്ചെടുത്ത് ഘടിപ്പിക്കും. കുപ്പിക്കകത്ത് പലതരം പുഴമീൻ തീറ്റ ഇട്ടിട്ടുണ്ടാകും. തീറ്റതേടി പ്രവേശിക്കുന്ന മത്സ്യങ്ങൾ കുപ്പിക്കകത്ത് കുടുങ്ങും. കുപ്പിയുടെ വലുപ്പത്തിനനുസരിച്ച് കൂടുതൽ എണ്ണവും വലുതുമായ മത്സ്യങ്ങൾ കെണിയിൽ പെടും.
പുഴയിൽ കുപ്പികൾ ഇങ്ങനെ സ്ഥാപിച്ച് മണിക്കൂറുകൾ കഴിഞ്ഞ് എടുക്കുന്നവരും ഉണ്ട്. കൗതുകക്കാഴ്ച ആസ്വദിക്കാനെത്തുന്നവരാണ് ഏറെയും. അവധിയായതിനാൽ കുട്ടികളുമൊത്ത് കുളിക്കാനെത്തുന്നവരും മീനുമായി മടങ്ങുന്നുണ്ട്. കൂടുതൽ കുപ്പികൾ ഒറ്റക്കയറിൽ കോർത്ത് പിടിക്കുന്നവരുമുണ്ട്. ഫാനിന്റെ ഇരുപുറത്തുമുള്ള ഗ്രില്ലുകൾ ഉപയോഗിച്ചും മീൻപിടിക്കുന്നുണ്ട്. നഞ്ച് കലക്കിയും തോട്ടയിട്ടും പിടിക്കുമ്പോഴുണ്ടാകാറുള്ള പാരിസ്ഥിതിക പ്രശ്നം ഇതിനില്ലെങ്കിലും ചിലർ കുപ്പികൾ പുഴയിലും പരിസരത്തും ഉപേക്ഷിക്കുന്നത് മാലിന്യപ്രശ്േനം സൃഷ്ടിക്കുന്നു.