വടക്കഞ്ചേരി: ഇനിയും എഴുതണം, നന്നായി വായിക്കണം, പ്രകൃതിയെ പഠിക്കണം എന്ന മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ അഭിനന്ദന വാക്കുകളിൽ ഹരം കൊണ്ടിരിക്കയാണ് മഞ്ഞപ്ര പി.കെ.എച്ച്.എസ്.എസ് ആറാംതരം വിദ്യാർത്ഥിനി ചഞ്ചൽ.
അക്ഷരവൃക്ഷം പദ്ധതിയിൽ പ്രസിദ്ധീകരിച്ച ചഞ്ചലിന്റെ കഥയ്ക്കാണ് മന്ത്രി അഭിനന്ദനക്കത്തയച്ചത്. ആലത്തൂർ ഉപജില്ലയിൽ നിന്ന് ചഞ്ചലിന്റെ കഥമാത്രാണ് പ്രസിദ്ധീകരിച്ചത്. കൊവിഡുകാലത്ത് ദൈവത്തിന് ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന കുട്ടിയുടെ പരിഭവം വെളിപ്പെടുത്തുന്ന കഥയാണ് 'നിങ്ങൾ വിളിക്കുന്ന നമ്പർ പരിധിക്ക് പുറത്താണ്" എന്ന തലക്കെട്ടിൽ ചഞ്ചലെഴുതിയത്. ലോക്ക് ഡൗണിൽ വിദ്യാർഥികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കാനായി അക്ഷരവൃക്ഷം പദ്ധതിയിലൂടെ ഓൺലൈനിയായി കഥ, കവിത, ലേഖനങ്ങൾ എന്നിവ ക്ഷണിച്ചിരുന്നു. രക്ഷിതാക്കളും സ്‌കൂൾ ഐ.ടി കോഡിനേറ്റർമാരും വിദ്യാർത്ഥികൾക്ക് പ്രോത്സാഹനവുമായി ഒപ്പമുണ്ടായിരുന്നു.
കണ്ണമ്പ്ര ചുണ്ണാമ്പുതറ ചക്കുതൊടി വീട്ടീൽ പി.രമേഷിന്റെയും മഞ്ഞപ്ര പി.കെ.എച്ച്.എസ്.എസ് അദ്ധ്യാപിക യു.സുധന്യയുടെയും മകളാണ് ചഞ്ചൽ.