covid
`കൊവിഡ്

പാലക്കാട്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 3104 പേർ. ഇതിൽ 3059 പേർ വീടുകളിലും 39 പേർ ജില്ലാ ആശുപത്രിയിലും രണ്ടുപേർ ഒറ്റപ്പാലത്തും നാലുപേർ മണ്ണാർക്കാടും താലൂക്കാശുപത്രികളിൽ കഴിയുന്നു. രോഗബാധ സ്ഥിരീകരിച്ച ഒരാൾ മാത്രമാണ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളത്.

ചെന്നൈയിൽ നിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന വ്യക്തിയെ വാളയാർ ചെക്ക് പോസ്റ്റിൽ വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ജില്ലാശുപത്രിയിലേക്ക് മാറ്റി. 54കാരനായ കോങ്ങാട് സ്വദേശിയെ 108 ആംബുലൻസിൽ ഉച്ചയോടെയാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. സ്ഥിതി ഗുരുതരമാണെന്നും ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. ഇദ്ദേഹത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. ചെന്നൈയിൽ നിന്ന് കാറിൽ ആറുപേരടങ്ങുന്ന സംഘത്തോടൊപ്പമാണ് ഇദ്ദേഹം വന്നത്. നിലവിൽ വാളയാർ വഴി മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്ന ഒരാൾ മാത്രമാണ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളത്.

സേലത്ത് നിന്ന് വാളയാർ വഴി ജില്ലയിലെത്തിയ മൂന്ന് ഹോമിയോ വിദ്യാർത്ഥികളെ കോവിഡ് കെയർ സെന്ററിലേക്ക് മാറ്റി. കഴിഞ്ഞദിവസം ജില്ലയിലെത്തിയ ഇവർക്ക് പനി കാണപ്പെട്ടതിനെ തുടർന്ന് ജില്ലാശുപത്രിയിലെത്തി സാമ്പിളെടുത്ത ശേഷമാണ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.
കോഴിക്കോട്, കണ്ണൂർ സ്വദേശികളാണിവർ.