പാലക്കാട്: കൊവിഡ് രോഗബാധയുടെ പ്രതിസന്ധിക്കിടെ പ്രവാസികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ജില്ല-ഗ്രാമപഞ്ചായത്ത്- നഗരസഭാ- വാർഡുതല സമിതികൾ രൂപീകരിച്ചതായി ജില്ലാ കലക്ടർ ഡി.ബാലമുരളി അറിയിച്ചു.
ജില്ലാസമിതിയിൽ ജില്ലാ കലക്ടർ അദ്ധ്യക്ഷനും ഡി.എം.ഒ കൺവീനറും ജില്ലാ പൊലീസ് മേധാവി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിവരാണംഗങ്ങൾ.
പഞ്ചായത്ത്- നഗരസഭ എന്നിവിടങ്ങളിൽ യഥാക്രമം പ്രസിഡന്റ്- ചെയർമാൻ എന്നിവർ അദ്ധ്യക്ഷനും സെക്രട്ടറി കൺവീനറും പ്രതിപക്ഷ നേതാവ്, സ്ഥിരസമിതി അദ്ധ്യക്ഷൻ, എം.എൽ.എ/ എം.എൽ.എ.യുടെ പ്രതിനിധി, പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ/ പ്രതിനിധി, വില്ലേജ് ഓഫീസർ, പി.എച്ച്.സി മേധാവി, സഹകരണ ബാങ്ക് പ്രസിഡന്റ്, സാമൂഹ്യ സന്നദ്ധ സേന പ്രതിനിധി, കുടുംബശ്രീ- ആശാവർക്കർ പ്രതിനിധി, പെൻഷനേഴ്സ് യൂണിയൻ പ്രതിനിധികൾ എന്നിവർ അംഗങ്ങളാകും.
വാർഡുതല സമിതിയിൽ വാർഡംഗം അദ്ധ്യക്ഷനും ജെ.പി.എച്ച്.എൻ/ ജെ.എച്ച്.ഐ (ആർ.ആർ.ടി കൺവീനർ) കൺവീനറും, പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രതിനിധി, വില്ലേജ് ഓഫീസറുടെ പ്രതിനിധി, ചാർജ്ജുള്ള തദ്ദേശ സമിതി ഉദ്യോഗസ്ഥൻ, സാമൂഹ്യ സന്നദ്ധ സേനയുടെ ഒരു പ്രതിനിധി, കുടുംബശ്രീ- ആശാവർക്കർ- പെൻഷനേഴ്സ് യൂണിയൻ പ്രതിനിധി, റസിഡൻഷ്യൽ അസോസിയേഷൻ പ്രതിനിധി/ പ്രദേശത്തെ നാട്ടുകാരുടെ രണ്ടു പ്രതിനിധികൾ, അംഗനവാടി ടീച്ചർ എന്നിവർ അംഗങ്ങളായിരിക്കും.
വിദേശത്ത് നിന്ന് നോർക്ക സെൽ വഴി ജില്ലയിലേക്കെത്താൻ 25,111 പേരാണ് രജിസ്റ്റർ ചെയ്തത്. ഇവരിൽ ഗർഭിണികൾ, രോഗികൾ, അത്യാവശ്യ ചികിത്സ ആവശ്യമുള്ളവർ, വിസ റദ്ദായവർ എന്നിവർക്ക് മുൻഗണന നൽകും. അന്യസംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലേക്ക് വരാനായി കാത്തിരിക്കുന്നത് 16748 പേരാണ്. 2700ഓളം പേർ ഇതിനകം തിരികെയെത്തി.
പാലക്കാട്: ജില്ലയിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോവാൻ തയ്യാറായിട്ടുള്ളത് 17,143 അന്യസംസ്ഥാന തൊഴിലാളികൾ. ഒറീസ, വെസ്റ്റ് ബംഗാൾ, ബീഹാർ, ചത്തീസ്ഖണ്ഡ്, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് ഏറെ പേരും മടങ്ങുന്നത്. നിലവിൽ എല്ലാവരും താമസസ്ഥലത്തുണ്ട്. ഭക്ഷണത്തിനും മറ്റ് ആവശ്യ സാധനങ്ങളും തൊഴിലാളികൾക്ക് എത്തിക്കുന്നുണ്ട്.
തൊഴിലാളികൾ ഒന്നിച്ച് ജില്ലയിൽ നിന്ന് പോയാൽ കഞ്ചിക്കോട് ഉൾപ്പടെയുള്ള വ്യവസായ മേഖലകൾ പ്രതിസന്ധിയിലാകുമെന്നതിനാൽ അത്യാവശ്യമായി പോകേണ്ടവരെ മാത്രമാണ് ആദ്യഘട്ടത്തിൽ പരിഗണിച്ചിട്ടുള്ളത്.
ഏറ്റവും കൂടുതൽ തൊഴിലാളികൾ പോവാനുള്ളത് വെസ്റ്റ് ബെംഗാളിലേയ്ക്കാണ് 5248 പേർ, രണ്ടാമത് ബീഹാർ 3774 പേർ, ഒറീസയിലേയ്ക്ക് 2041, ചത്തീസ് ഖണ്ഡിലേയ്ക്ക് 92, ഉത്തർ പ്രദേശ് 1039, മദ്ധ്യപ്രദേശ് 156, തമിഴ്നാട് 888, രാജസ്ഥാൻ 172, ജാർഖണ്ഡ് 1996, കർണാടക 51, ആസാം 1524, മഹാരാഷ്ട്ര 24, ഡൽഹി 10, മണിപ്പൂർ 24 എന്നിങ്ങനെയാണ് തൊഴിലാളികളുടെ കണക്ക്.