പാലക്കാട്: ജില്ലയിൽ ജോലിചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ആദ്യസംഘം നാട്ടിലേക്ക് യാത്രയായി. ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് തുടരാൻ നിർബന്ധിതരായ 1208 തൊഴിലാളികളാണ് വൈകീട്ട് 4.50ഓടെ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രത്യേക ട്രെയിനിൽ ഒഡീഷയിലേക്ക് പുറപ്പെട്ടത്.
ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ള അന്യസംസ്ഥാന തൊഴിലാളികളെ ആറ് താലൂക്ക് കേന്ദ്രങ്ങളിലെത്തിച്ച് തഹസിൽദാർമാരുടെ നേതൃത്വത്തിൽ രജിസ്‌ട്രേഷനും ആര്യോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മെഡിക്കൽ പരിശോധനയും നടത്തിയാണ് യാത്രയായിക്കിയത്.
ഒറ്റപ്പാലം സബ് കളക്ടറും ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികളുടെ യാത്ര ഏകോപനത്തിന്റെ നോഡൽ ഓഫീസറുമായ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ എസ്.പി. ജി.ശിവവിക്രം, അസിസ്റ്റന്റ് കളക്ടർ ചേതൻകുമാർ മീണ എന്നിവർ ചേർന്ന് റെയിൽവേ ഉദ്യോഗസ്ഥർ, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ, റവന്യൂ, ആരോഗ്യ വകുപ്പ്, പൊലീസ് എന്നിവരുടെ സഹകരണത്തോടെയാണ് യാത്ര ഏകോപിപ്പിച്ചത്.
തൊഴിലാളികളെ എത്തിക്കാൻ 37 കെ.എസ്.ആർ.ടി.സി
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അന്യസംസ്ഥാന തൊഴിലാളികളെ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെത്തിക്കാനായി 37 കെ.എസ്.ആർ.ടി.സികൾ നിരത്തിലിറങ്ങി. താലൂക്കടിസ്ഥാനത്തിൽ മെഡിക്കൽ പരിശോധയും രജിസ്‌ട്രേഷനും കഴിയുന്ന തൊഴിലാളികളെയാണ് ബസിൽ റെയിൽവേ സ്റ്റേഷനിലെത്തിച്ചത്. ഒരു ബസിൽ പരമാവധി 30 പേരെ മാത്രം ഉൾപ്പെടുത്തി കോവിഡ് 19 ന്റെ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു യാത്ര.
മെഡിക്കൽ പരിശോധനയും സർട്ടിഫിക്കറ്റും
ജില്ലയിൽ നിന്നും ആദ്യഘട്ടത്തിൽ ഒഡീഷയിലേക്ക് പോയ 1208 അന്യസംസ്ഥാന തൊഴിലാളികൾക്കും മെഡിക്കൽ പരിശോധന ഉറപ്പുവരുത്തി സർട്ടിഫിക്കറ്റ് നൽകിയാണ് വിട്ടയച്ചത്. ആറ് താലൂക്കടിസ്ഥാനത്തിൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചാണ് മെഡിക്കൽ പരിശോധന നടത്തിയത്. തെർമോമീറ്റർ ഉപയോഗിച്ച് ശരീരതാപനില അളക്കുകയും മറ്റ് അസുഖങ്ങൾ, രോഗ ലക്ഷണങ്ങൾ എന്നിവ ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയത്.
ട്രെയിനിൽ ഭക്ഷണകിറ്റ്
അന്യസംസ്ഥാന തൊഴിലാളികൾക്ക് നാട്ടിൽ തിരിച്ചെത്തുന്നത് വരെയുള്ള ഭക്ഷണം ഉറപ്പുവരുത്തിയിട്ടുണ്ട്. തഹസിൽദാരുടെ നേതൃത്വത്തിൽ അതത് താലൂക്ക് കേന്ദ്രങ്ങളിൽ ഉച്ചഭക്ഷണവും തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ റെയിൽവേ സ്‌റ്റേഷനിൽ ഭക്ഷ്യസാധങ്ങളടങ്ങിയ കിറ്റും വിതരണം ചെയ്തു. ആറ് ചപ്പാത്തി, വെജിറ്റബിൾ കറി, ഒരു പാക്കറ്റ് ബ്രെഡ്, 200 ഗ്രാം ജാം, നാല് കുപ്പി വെള്ളം എന്നിവയടങ്ങുന്നതാണ് കിറ്റ്.