patient
രോഗി പ്രതീകാത്മക ചിത്രം

പാലക്കാട്: ജില്ലയിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും സജീവമായി തുടരുന്നു. നിലവിൽ ഒരാൾ മാത്രമാണ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളത്. 1932 പേർ വീടുകളിലും 36 പേർ പാലക്കാട് ജില്ലാ ആശുപത്രിയിലും 2 പേർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 6 പേർ മണ്ണാർക്കാട് താലൂക്ക് ആശുപത്രികളിലുമായി ആകെ 1976 പേരാണ് നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ രണ്ടാഴ്ചയിൽ അധികമായി ജില്ലയിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നതും നിരീക്ഷണത്തിലുള്ളവരുടെ എണ്ണം രണ്ടായിരത്തിൽ താഴെയായതും ആരോഗ്യവകുപ്പിന് വലിയ ആശ്വാസമാണ്. ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു.

പരിശോധനക്കായി ഇതുവരെ അയച്ച 3014 സാമ്പിളുകളിൽ ഫലം വന്ന 2887 എണ്ണം നെഗറ്റീവും 13 എണ്ണം പോസിറ്റീവുമാണ്. ഇതിൽ നാല് പേർ ഏപ്രിൽ 11 നും രണ്ട് പേർ ഏപ്രിൽ 15 നും ഒരാൾ ഏപ്രിൽ 22 നും മലപ്പുറം സ്വദേശി ഉൾപ്പെട്ട അഞ്ചു പേർ ഏപ്രിൽ 30 നും രോഗമുക്തരായി ആശുപത്രി വിട്ടിട്ടുണ്ട്.

ആകെ 31402 ആളുകളാണ് ഇതുവരെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 29426 പേരുടെ നിരീക്ഷണ കാലാവധി പൂർത്തിയായി.