പാലക്കാട്: തുടർച്ചയായ മൂന്നാംദിവസവും വാളയാറിൽ വലിയ തിരക്ക്. ഇന്നലെ വൈകീട്ടു ആറുമണിവരെയുള്ള കണക്കുപ്രകാരം അയൽ സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ ചെക്‌പോസ്റ്റ് വഴി 853 വാഹനങ്ങളിലായി 2262 പേർ കേരളത്തിലെത്തി. കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ പേരും കേരളത്തിലേക്ക് എത്തുന്നത്. കാർ, ട്രാവലർ, മിനി ബസ്, ഇരുചക്രവാഹനം, ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങളിൽ എത്തുന്നവരെ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ കർശന പരിശോധനയിലൂടെയാണ് കടത്തിവിടുന്നത്. ഇന്നലെ ജില്ലയിലെത്തിയ ആരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയോ സാമ്പിൾ എടുക്കുകയോ ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. അസുഖമോ രോഗലക്ഷമോ കാണപ്പെടുമ്പോഴാണ് യാത്രക്കാരെ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം മൂന്നു വിദ്യാർത്ഥികളെ ആശുപത്രിയിൽ എത്തിച്ച് സാമ്പിൾ എടുക്കുകയും ഒരാളെ ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഈ മൂന്നു വിദ്യാർത്ഥികളുടെ സാമ്പിൾ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് ഇന്നലെ സ്ഥിരീകരിച്ചു. കോഴിക്കോട്, കണ്ണൂർ സ്വദേശികളായ ഇവർ നാട്ടിലേക്ക് പോകുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനം ഉണ്ടാകും. നിലവിൽ ഇവർ കോവിഡ് കെയർ സെന്ററിൽ തന്നെയാണ് തുടരുന്നത്. കൂടാതെ കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്ന് പാലക്കാട്ടേക്ക് വന്ന വ്യക്തിയെ ഹൃദയാഘാതം മൂലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹം നിലവിൽ ചികിത്സയിൽ തുടരുകയാണ്.