flight
പ്രവാസി

പാലക്കാട്: ജില്ലയിൽ എത്തുന്ന പ്രവാസികളെ വരവേൽക്കാൻ ജില്ലാ ഭരണകൂടം സജ്ജം. നോഡൽ ഓഫീസർ ഡെപ്യൂട്ടി കലക്ടർ (ആർ.ആർ) സരേഷ് കുമാർ (8547610095) നോഡൽ ഓഫീസറായി ചെമ്പൈ സംഗീത കോളേജിൽ താൽക്കാലിക രജിസ്‌ട്രേഷൻ, പരിശോധന, ഓഫീസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഒറ്റപ്പാലം സബ് കലക്ടർ അർജുൻ പാണ്ഡ്യയ്ക്കാണ് കൊവിഡ് കെയർ സെന്റർ പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല. കൊവിഡ് സെന്ററിൽ മുഴുവൻ സമയവും മെഡിക്കൽ സംഘം ഉണ്ടാകും. അബുദാബിയിൽ നിന്ന് നെടുമ്പാശേരി വഴി 15ഉം ദുബായിൽ നിന്ന് കരിപ്പൂർ വഴി എട്ടുപേരുമാണ് എത്തുന്നത്. വിമാനത്താവളത്തിലെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം രോഗലക്ഷണമൊന്നും ഇല്ലാത്തവരെയാകും ജില്ലയിൽ എത്തിക്കുക. രോഗ ലക്ഷണമുണ്ടെങ്കിൽ എയർപോർട്ട് സ്ഥിതി ചെയ്യുന്ന ജില്ലകളിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും.

പരിശോധനയിൽ രോഗലക്ഷണമില്ലാത്തവരെ കൊച്ചി- കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്ന് പ്രത്യേകം സജ്ജീകരിച്ച കെ.എസ്.ആർ.ടി.സി ബസുകളിലാണ് എത്തിക്കുക. ഇതിനായി 40 കെ.എസ്.ആർ.ടി.സി ബസുകൾ അണുവിമുക്തമാക്കി സജ്ജീകരിച്ചു. വിവിധ പ്രദേശങ്ങളിലുള്ള 600 കൊവിഡ് സെന്ററുകളിലായി 3000 പേർക്ക് സൗകര്യമൊരുക്കി. സ്വന്തം ചെലവിൽ ഹോട്ടലിൽ താമസിക്കാൻ താല്പര്യമുള്ളവർക്ക് അതിനും സംവിധാമുണ്ട്.