പാലക്കാട്: ലോക്ക് ഡൗൺ കാലത്ത് വീടുകൾക്കുള്ളിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടന്നത് ഒട്ടേറെ ഗാർഹിക പീഡനങ്ങൾ. അതിക്രമം നേരിടുന്നത് തടയാൻ വനിതാശിശു വികസന വകുപ്പ് ആരംഭിച്ച സെല്ലിൽ ലഭിച്ചത് 136 പരാതികൾ. സ്ത്രീ പീഡനം സംബന്ധിച്ച് 96 പരാതികളും കുട്ടികൾക്കെതിരെയുള്ള അതിക്രമത്തിൽ 40 പരാതികളും ലഭിച്ചു.
മാർച്ച് 11 മുതലാണ് വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ സെൽ ആരംഭിച്ചത്. വാട്സ് ആപ്പും ഫോൺ കോളും വഴിയാണ് പരാതി നൽകുന്നത്. വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്തതിനാൽ പൊലീസ് സ്റ്റേഷനിലും അനുബന്ധ ഓഫീസുകളിലും നേരിട്ടെത്തി പരാതി പറയാൻ കഴിയാത്ത സാഹചര്യത്തിലാണ് സംവിധാനം ഒരുക്കിയത്.
പുരുഷന്മാർ മദ്യം ലഭിക്കാതായതോടെയും വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യത്തിലുമുണ്ടാകുന്ന മാനസിക സമ്മർദം മൂലം അക്രമം നടത്തിയ പരാതികളും ഏറെയാണ്. പരാതികളിൽ ജില്ലാ വനിതാ സംരക്ഷണ ഓഫീസർ, ശിശു സംരക്ഷണ ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ അതത് പ്രദേശത്തെ പൊലീസിന്റെ സഹായത്തോടെ പ്രാഥമികാന്വേഷണം ആരംഭിച്ചു.
181- വനിതാ ഹെൽപ്പ് ലൈൻ നമ്പർ
1098- ചൈൽഡ് ലൈൻ നമ്പർ
9400080292- എന്ന നമ്പറിൽ എസ്.എം.എസ്, വാട്സ് ആപ്പ് വഴി 24 മണിക്കൂറും പരാതി നൽകാം.