പാലക്കാട്: ലോക്ക് ഡൗണിന് കൂടുതൽ ഇളവ് വന്നതോടെ ജില്ലയിൽ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിച്ചു. ഈ മാസം ആറു ദിവസത്തിനുള്ളിൽ 814 പേരാണ് പനിക്ക് ചികിത്സ തേടിയത്. ഇതിൽ 797 പേർ ഒ.പിയിലും 17 പേർ കിടത്തി ചികിത്സയും തേടി. 884 പേരാണ് വയറിളക്കം ബാധിച്ച് ചികിത്സ തേടിയത്.
കൊവിഡ് രോഗവ്യാപന ഭീതിയും ലോക്ക് ഡൗണിനെ തുടർന്ന് ഗതാഗത സൗകര്യം ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകളും കാരണം ജനം ചെറിയ രോഗങ്ങൾക്ക് ആശുപത്രിയിൽ പ്രവേശിക്കാത്ത അവസ്ഥയായിരുന്നു. എന്നാൽ ലോക്ക് ഡൗണിന് ഇളവ് വന്നതോടെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം കൂടി. താലൂക്കാശുപത്രികളിലും പ്രാഥമിക, സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും ഉൾപ്പെടെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
ചൂടും ഇടയ്ക്ക് പെയ്യുന്ന വേനൽ മഴയും കാരണം പകർച്ച വ്യാധികൾ പെട്ടെന്ന് പിടിപെടാൻ സാദ്ധ്യതയേറെയാണ്. കുട്ടികൾക്കും പ്രായമായവർക്കും അസുഖം പിടിപെടാതിരിക്കാൻ കൂടുതൽ ശ്രദ്ധിക്കണം. കൂടാതെ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കാതിരിക്കുകയും വ്യക്തി ശുചിത്വം പാലിക്കുകയും വേണം.
മഴക്കാലം ആരംഭിക്കുന്നതോടെ ഡെങ്കിപ്പനി, എച്ച് 1 എൻ 1, എലിപ്പനി, ചിക്കൻഗുനിയ, വയറിളക്കം തുടങ്ങിയ പകർച്ചവ്യാധികൾ പിടിപെടാൻ സാദ്ധ്യത ഏറെയാണ്. പകർച്ചവ്യാധികൾ പിടിപ്പെട്ടാൽ ഉടൻ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറുടെ സഹായം തേടണം.
-ആരോഗ്യവകുപ്പ് അധികൃതർ