poet
രക്കപ്പൻ സ്വാമി കവിതാ രചനയിൽ

നെന്മാറ: 'കൊറോണക്കാലമാണിത് അടച്ചുമൂടി ഇരിക്കിൻ... അടച്ചുമൂടി ഇരിക്കാൻ വയ്യെങ്കിൽ ഫോണിൽ തോണ്ടി ഇരിക്കിൻ..." നാടൻ പാട്ടിന്റെ ഈണത്തിൽ കവിതകളും പാട്ടുകളും പാടി സമൂഹ മാദ്ധ്യമങ്ങളിൽ നിറസാന്നിദ്ധ്യമാകുകയാണ് പോത്തുണ്ടി അകമ്പാടം രക്കപ്പൻ സ്വാമി.

സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചതോടെ വീടിൽ കഴിയുന്ന അദ്ദേഹം ദിവസവും സമൂഹ ജീവിതത്തെയും കൊവിഡ് വിപത്തിനെയും കുറിച്ച് ബോധവൽക്കരിച്ചും ഹാസ്യാത്മകമായും പാട്ടുകൾ പാടി നവമാദ്ധ്യമങ്ങളിൽ ശ്രദ്ധേയനാകുകയാണ്.
'കൊറോണയാണ് മറക്കേണ്ട... കുറഞ്ഞിട്ടതിനെ കാണേണ്ട... പറഞ്ഞാൻ നടക്കാൻ നോക്കണ്ടേ... അറിഞ്ഞ് നടന്നാൽ മരിക്കേണ്ട...' എന്നിങ്ങിനെ കവിതകൾ രചിച്ച് താളത്തിൽ ആലപിച്ചാണ് പങ്കുവെയ്ക്കുന്നത്. ഇതുവരെയായി 170 ലധികം രചനകളാണ് നടത്തിയത്. കൊവിഡ് കാലത്ത് മാത്രമായി 36 കവിതകളും നെന്മാറ വേലയെ കുറിച്ചും വിഷുവിനെ കുറിച്ചുമായി 42 എണ്ണവും എഴുതി ആലപിച്ചു.
സമൂഹ സേവനം കാഴ്ചവെയ്ക്കുന്ന ആരോഗ്യ പ്രവർത്തകരെയും പൊലീസിനെയും പത്രപ്രവർത്തകരെയും കവിതകളിലൂ‌ടെ അദ്ദേഹം ആദരിക്കുന്നു. സാഹിത്യത്തിന്റെ അതിപ്രസരമില്ല,​ എല്ലാവർക്കും മനസിലാകുന്ന വാക്കുകൾ ഉപയോഗിച്ച് കൊവിഡിനെതിരായ പോരാട്ടത്തിൽ പങ്കാളിയാകുകയാണ് അദ്ദേഹം.