പാലക്കാട്: ലോക്ക് ഡൗണിനെ തുടർന്ന് ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയവരിൽ കഴിഞ്ഞ നാലു ദിവസങ്ങളിലായി വാളയാർ വഴി എത്തിയത് 9586 പേർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 3665 വാഹനങ്ങളിലായാണ് ഇവരെത്തിയത്. മേയ് രണ്ടിന് രജിസ്‌ട്രേഷൻ ആരംഭിച്ചത് മുതൽ ഇതുവരെ നോർക്ക റൂട്ട്സ്, കൊവിഡ് ജാഗ്രത വെബ്‌സൈറ്റുകൾ വഴി അപേക്ഷിച്ചവരിൽ 5183 വാഹനങ്ങൾക്കാണ് ജില്ലാ കലക്ടർ യാത്ര പാസ് അനുവദിച്ചത്. ഇതിൽ 3665 വാഹനങ്ങൾ കേരളത്തിലെത്തി. തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി നിലവിൽ യാത്രാ പാസ് നൽകുന്നത് താൽക്കാലികമായി നിറത്തിവെച്ചു.
ബാംഗ്ലൂർ, ചെന്നൈ, കോയമ്പത്തൂർ നഗരങ്ങളിൽ ജോലി, പഠനം, വിനോദം, തീർത്ഥാടനം എന്നീ ആവശ്യങ്ങൾക്കായി പോയവരാണ് കേരളത്തിലേക്ക് എത്തുന്നവരിൽ ഭൂരിപക്ഷവും. മേയ് അഞ്ചിന് രോഗലക്ഷണം കണ്ട മൂന്നുപേരെ ജില്ലാശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ സാമ്പിൾ പരിശോധിച്ച് നെഗറ്റീവ് ആയതായി സ്ഥീരീകരിച്ചിട്ടുണ്ട്.
ആറിനും ഏഴിനുമായി റെഡ് സോൺ മേഖലയായ ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുമെത്തിയ 295 പേരെയും കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റി. ഇന്നലെ രാവിലെ 10.30ന് എത്തിയ 26 പേരെയും കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചു.
ഡിജിറ്റൽ യാത്ര പാസ് ലഭിച്ചതിന് ശേഷമാണ് കേരള അതിർത്തിയായ വാളയാറിൽ യാത്രക്കാർ എത്തുന്നത്. ആദ്യദിനമായ മേയ് നാലിന് 381 വാഹനങ്ങളിലായി 861 യാത്രക്കാരും രണ്ടാംദിനം 1235 വാഹനങ്ങളിലായി 2920 യാത്രക്കാരും മൂന്നാം ദിനം 948 വാഹനങ്ങളിലായി 2603 പേരും നാലാം ദിനമായ ഏഴിന് 1101 വാഹനങ്ങളിലായി 3202 ആളുകളുമാണ് എത്തിയത്. കാർ, ട്രാവലർ, മിനിബസ്, മോട്ടോർ ബൈക്കുകൾ, ഓട്ടോ എന്നിവയിലാണ് ഇത്രയും പേർ എത്തിയത്.
രോഗവ്യാപന സാധ്യത തടയാൻ റവന്യൂ, പൊലീസ്, ആരോഗ്യ വകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ യാത്ര രേഖകളും ശരീര താപനിലയും പരിശോധിച്ച ശേഷം കൊവിഡ് ലക്ഷണമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അതത് ജില്ലകളിലേക്ക് അയക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ രോഗലക്ഷണമുള്ളവരെയും റെഡ് സോണിൽ നിന്ന് വന്നവരെയും കൊവിഡ് കെയർ സെന്ററുകളിലേക്കും മറ്റുള്ളവരെ ഹോം ക്വാറന്റൈനിൽ വിടുകയുമാണ് ചെയ്യുന്നത്.
വാഹനങ്ങളുടെ യാത്ര പാസും മറ്റു രേഖകളും പരിശോധിക്കുന്നതിനായി 14 കൗണ്ടറുകളാണ് ചെക്ക് പോസ്റ്റിൽ ക്രമീകരിച്ചിട്ടുള്ളത്. വിശ്രമിക്കുന്നതിനും പ്രാഥമികാവശ്യം നിറവേറ്റുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓരോ ജില്ലകളിലും എത്തുന്നവർ അതത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും റിപ്പോർട്ട് ചെയ്യണമെന്ന് കർശന നിർദേശമുണ്ട്.
ദുബായ്, അബുദാബി എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് വിമാനങ്ങളിലായി കരിപ്പൂരിൽ എട്ടുപേരും നെടുമ്പാശേരിയിൽ 15 പേരുമായി 23 പാലക്കാട്ടുകാർ ആദ്യഘട്ടത്തിൽ ജില്ലയില്ലെത്തി. ഇതിൽ എട്ട് പുരുഷന്മാരും രണ്ട് സ്ത്രീകളുമുൾപ്പടെ പത്തുപേരെ ചെർപ്പുളശേരി ശങ്കർ ആശുപത്രി കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലാക്കി. ഗർഭിണികൾ, കുട്ടികൾ തുടങ്ങിയവർ പ്രത്യേകമായി വീടുകളിൽ നിരീക്ഷണത്തിൽ തുടരും. വിമാനത്താവളങ്ങളിൽ നിന്ന് പ്രത്യേകം സജ്ജീകരിച്ച കെ.എസ്.ആർ.ടി.സി ബസുകളിലാണ് ഇവർ നാട്ടിലേക്കെത്തിയത്.
ശങ്കർ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന പത്തുപേർക്കും ചെർപ്പുളശേരി നഗരസഭയുടെ നേതൃത്വത്തിലാണ് ഭക്ഷണം എത്തിക്കുന്നത്. ഇന്നലെ രാവിലെ മുതൽ ഭക്ഷണ വിതരണം ആരംഭിച്ചു. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് പ്രത്യേക ഭക്ഷണം ആവശ്യമുണ്ടെങ്കിൽ നേരത്തെ ആവശ്യപ്പെടുന്ന പക്ഷം ലഭ്യമാക്കും. നിരീക്ഷണത്തിലുള്ളവർക്ക് ബന്ധുക്കളുമായി സമ്പർക്കം പുലർത്താനാകില്ല.
നിരീക്ഷണത്തിൽ കഴിയുന്ന പത്തുപേരെയും പ്രത്യേകം സജ്ജീകരിച്ച ടോയ്‌ലറ്റ് സൗകര്യമുള്ള പത്ത് മുറികളിലായാണ് താമസിപ്പിച്ചിരിക്കുന്നത്. മൊബൈൽ ചാർജ് ചെയ്യാൻ ഉൾപ്പടെയുള്ള അത്യാവശ്യ സൗകര്യങ്ങളെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി രണ്ട് റവന്യൂ ഉദ്യോഗസ്ഥർ, നാല് പൊലീസ്, നാല് വൊളന്റിയർമാർ എന്നിവരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. പരിശോധനയ്ക്ക് ഡോക്ടറുടെ സേവനവും ലഭിക്കും.