പാലക്കാട്: അട്ടപ്പാടിയിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഷോളയൂർ വരകംമ്പതി ഊരിൽ ശെൽവി- വെള്ളിങ്കിരി ദമ്പതികളുടെ മകൻ കാർത്തിക് (23) മരിച്ചത് എലിപ്പനി ബാധിച്ചെന്ന് സൂചന. ഇയാളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. എലിപ്പനിയുടെ പരിശോധനയുടെ ഫലം രണ്ടുദിവസത്തിനകം ലഭിക്കും.
പനിയും ഛർദ്ദിയും കാരണം പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കാർത്തികിന്റെ നില വഷളായതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യാത്രാമദ്ധ്യേ ഇന്നലെ പുലർച്ചെ നാലിനാണ് മരിച്ചത്.
ഏപ്രിൽ 29ന് ബന്ധുവിന്റെ മരണാന്തര ചടങ്ങിൽ പങ്കെടുക്കുന്നതിന് കോയമ്പത്തൂരിൽ പോയിരുന്ന കാർത്തിക്, പിറ്റേന്ന് തിരിച്ചെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ മേയ് ആറിനാണ് അസുഖം തുടങ്ങിയത്. അന്നുതന്നെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിലും പിറ്റേന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.
മഞ്ഞപ്പിത്തവും വൃക്ക സംബന്ധമായ പ്രശ്നങ്ങളും കാർത്തിക്കിന് ഉണ്ടായിരുന്നതായി ഡോക്ടർമാർ പറഞ്ഞു. ഇയാൾക്കൊപ്പം കോയമ്പത്തൂരിൽ പോയവരും വീട്ടുകാരും നിരീക്ഷണത്തിലാണ്.