പാലക്കാട്: കേരളത്തിന്റെ യാത്രാപാസില്ലാതെ അതിർത്തിയിലെത്തിയ മലയാളികൾ വാളയാറിൽ കുടുങ്ങി. വയോധികർ, സ്ത്രീകൾ, കൈക്കുഞ്ഞുങ്ങളുമായെത്തിയവർ, രോഗികൾ ഉൾപ്പെടെ 300 ഓളം ആളുകളാണ് ഇന്നലെ രാവിലെ മുതൽ വാളയാറിൽ കുടുങ്ങിയത്. അടിസ്ഥാന സൗകര്യങ്ങൾപോലും അധികൃതർ ഉറപ്പാക്കാത്തതിനാൽ കനത്ത വെയിലിൽ റോഡരികുകളിലും ഹൈവേയുടെ സമീപത്തെ കുറ്റിക്കാടുകളിലുമാണ് പലരും താത്കാലിക അഭയം തേടിയത്.
15 മണിക്കൂറിലധികം വാളയാറിൽ കുടുങ്ങിക്കിടന്ന ഇവരെ രാത്രി കോയമ്പത്തൂരിലെ താത്കാലിക കേന്ദ്രത്തിലേക്ക് മാറ്റി. രാത്രി 9.30 ഓടെയാണ് യാത്രക്കാരെ താത്കാലിക കേന്ദ്രത്തിലേക്ക് മാറ്റാൻ തീരുമാനമായത്. തമിഴ്നാട് സർക്കാരിന്റെ വാഹനത്തിലാണ് ഇവരെ അതിർത്തിയിൽ നിന്ന് താത്കാലിക കേന്ദ്രത്തിലേക്ക് മാറ്റിയത്.
ഇന്നുമുതൽ പാസ് നൽകുന്നത് പുനരാരംഭിക്കുമെന്നും ശേഷം ഇവരെ സംസ്ഥാനത്തേക്ക് കടത്തിവിടുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
നോർക്കയിൽ രജിസ്റ്റർ ചെയ്ത് തമിഴ്നാട് സർക്കാരിന്റെ മാത്രം പാസുള്ളവർ, കേരളത്തിന്റെ പാസിനായി ഓൺലൈനിൽ അപേക്ഷിച്ചിട്ട് കാത്തിരിക്കുന്നവർ, കേരളത്തിന്റെ പാസ് 11നും 12നും 13നും ലഭിച്ചവർ, പാസിനായി അപേക്ഷപോലും സമർപ്പിക്കാത്തവർ എന്നിവരാണ് ഇന്നലെ പുലർച്ചെ നാലോടെ അതിർത്തിയിലെത്തി കേരളത്തിലേക്ക് പ്രവേശിക്കാനാവാതെ പ്രതിസന്ധിയിലായത്. കഴിഞ്ഞദിവസങ്ങളിൽ പാസില്ലാതെയെത്തിയവരെ കേരളത്തിലേക്ക് കടത്തിവിട്ടിരുന്നു.
തലപ്പാടിയിലും ആൾക്കൂട്ടം
കാസർകോട്: കേരളത്തിലേക്ക് കടക്കാനാകാതെ കാസർകോട് തലപ്പാടി അതിർത്തിയിൽ നൂറുകണക്കിന് ആളുകളാണ് കുടുങ്ങിക്കിടക്കുന്നത്. ഇതിൽ ഇരുപതിലേറെ വിദ്യാർത്ഥികളുമുണ്ട്. പാസില്ലാത്തതിനാൽ അതിർത്തിയിൽ സജ്ജമാക്കിയ പന്തലിൽ പോലും ഇവർക്ക് പ്രവേശനം നൽകുന്നില്ല. എല്ലാവരുടെയും പക്കൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പാസുണ്ട്. പൊലീസ് നൽകുന്ന വെള്ളം മാത്രമാണ് ഇവർക്ക് ആകെ ലഭിക്കുന്നത്. സംസ്ഥാന സർക്കാർ ഇടപെടുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. കർണാടകത്തിലെ ഷിമോഗയിൽ നിന്നെത്തിയ 108 നഴ്സിംഗ് വിദ്യാർത്ഥിനികളിൽ നാല് പേരാണ് ഒരു രാത്രി മുഴുവൻ ഇവിടെ കഴിയേണ്ടി വന്നത്. അതിർത്തി കടക്കാൻ അനുവദിക്കണമെന്ന ഇവരുടെ അപേക്ഷ കോഴിക്കോട് കളക്ടർ രണ്ട് തവണ തള്ളിക്കളഞ്ഞുവെന്നാണ് ആരോപണം. കുടുങ്ങിയവരിൽ രണ്ടുദിവസം മുമ്പ് എത്തിയവരുമുണ്ട്. സ്വന്തം വാഹനത്തിൽ അതിർത്തിയിലെത്തിയ പലർക്കും പാസില്ലാത്തതാണ് തടസമായത്. ഇന്നലെ രാവിലെ എത്തിയ പത്തംഗ സംഘം ഇത്തരത്തിൽ അനുമതി ലഭിക്കാതെ കുടുങ്ങിക്കിടക്കുന്നുണ്ട്.