പാലക്കാട്: ലോക്ക് ഡൗണിനെ തുടർന്ന് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികൾ കേരളത്തിലേക്ക് എത്തുമ്പോൾ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് മന്ത്രി എ.കെ.ബാലൻ പറഞ്ഞു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് നടന്ന അവലോകനയോഗ ശേഷം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരിൽ രോഗലക്ഷണങ്ങൾ ഉള്ളവർ സർക്കാർ ക്വാറന്റൈനിലും മറ്റുള്ളവർ ഹോം ക്വാറന്റൈനിലും കഴിയണം. അതിർത്തിയിലെത്തുന്ന എല്ലാവരുടെയും ശരീര താപനില പരിശോധിച്ചാണ് കടത്തിവിടുന്നത്. നിരീക്ഷണത്തിൽ തുടരുമ്പോഴും കേന്ദ്രസംസ്ഥാന സർക്കാരുകളുടെ നിബന്ധനകളും നിർദ്ദേശങ്ങളും പാലിക്കാതെ ലാഘവത്തോടെ ഈ സാഹചര്യത്തെ കാണുന്നത് അപകടം വിളിച്ചുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലേക്ക് വരുന്നതിന് കൃത്യമായി രണ്ട് ജില്ലകളിലെ കളക്ടർമാരുടെയും പാസുകൾ എടുക്കേണ്ടതാണ്. കൂടാതെ, പാസിൽ പരാമർശിച്ചിരിക്കുന്ന സമയത്തും തീയതിയിലുമാവണം യാത്ര. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിലായി വാളയാർ ചെക്ക്പോസ്റ്റുകളിൽ യാതൊരുവിധ യാത്രാരേഖകളും ഇല്ലാതെ എത്തുന്ന പ്രവണത വർദ്ധിക്കുന്നുണ്ട്. ഇത് പാസെടുത്ത് കൃത്യമായ നിർദ്ദേശങ്ങളും നടപടിക്രമങ്ങളും പൂർത്തിയാക്കി വരുന്നവരെയും ഉദ്യോഗസ്ഥരെയും ബുദ്ധിമുട്ടിലാക്കും. അനുമതി ലഭിച്ചവരോടൊപ്പം പാസ് ലഭിക്കാത്തവർ വരുന്ന പ്രവണത തെറ്റായ സന്ദേശമാണ് നൽകുന്നത്. ഇത്തരം ആളുകളെ യാതൊരു കാരണവശാലും ചെക്ക്പോസ്റ്റ് കടന്ന് പ്രവേശിക്കാൻ അനുവദിക്കുന്നതല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വീടുകളിലെത്തിയാലും നിർദ്ദേശങ്ങൾ പാലിക്കണം
ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ അല്ലാതെ വീട്ടിൽ നിരീക്ഷണം നിർദേശിക്കപ്പെട്ട 70 വയസിലധികം പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ തുടങ്ങിയവർ ആരോഗ്യവകുപ്പ് അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ഇവർ വീട്ടിൽ പൂർണ്ണമായും ക്വാറന്റൈനിൽ ഇരിക്കേണ്ടതാണ്. മറ്റ് സമ്പർക്കങ്ങൾ ഒഴിവാക്കണം.
1295 അന്യസംസ്ഥാന തൊഴിലാളികൾ
നാട്ടിലേക്ക് മടങ്ങി
പാലക്കാട്: ജില്ലയിലെ വിവിധ വ്യവസായ മേഖലകളിൽ ജോലി ചെയ്യുന്ന 1295 അതിഥി തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് മടങ്ങി. മെയ് ആറിന് ജില്ലയിൽ നിന്നും ഒഡിഷയിലേക്ക് തിരിച്ച ആദ്യഘട്ട ട്രെയിനിൽ 1208 പേരാണ് മടങ്ങിയത്. രണ്ടാഘട്ടത്തിൽ 87 തൊഴിലാളികളെ നാഗപട്ടണത്തേക്ക് കെ.എസ്.ആർ.ടി.സി മുഖേനയും അയയ്ച്ചു. ജില്ലയിലെ വിവിധ കമ്പനികളിലെ പ്രവർത്തനം പുനരാരംഭിച്ചതോടെ സ്വന്തം നാടുകളിലേക്ക് മടങ്ങാനിരുന്ന 17000 ഓളം പേർ ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണ്. നിലവിൽ ജന്മനാടായ വെസ്റ്റ്ബംഗാൾ, ബീഹാർ, ഒഡീഷ, യു.പി, ജാർഖണ്ഡ്, തമിഴ്നാട് എന്നവടങ്ങളിലേക്ക് മടങ്ങാൻ അത്യാവശമുള്ള 7208 പേരാണുള്ളത് . അതതു സംസ്ഥാനങ്ങളിലെ സർക്കാറിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇവർക്ക് പോവാനുള്ള സൗകര്യം ഏർപ്പാടാക്കും.
തിരിച്ചെത്തിയത് 49 പ്രവാസികൾ
വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളിൽ പാലക്കാട് ജില്ലയിൽ ഇതുവരെ തിരിച്ചെത്തിയത് 49 പേർ. ഇതിൽ 18 പേർ സർക്കാർ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും ഒരാൾ കളമശ്ശേരിയിൽ ക്രമീകരിച്ച ഐസലേഷൻ കേന്ദ്രത്തിലും ബാക്കിയുള്ളവർ ഹോം ക്വാറന്റൈനിലുമായി തുടരുന്നു. ജില്ലയിൽ ആകെ രജിസ്റ്റർ ചെയ്തിട്ടുള്ളത് 25000 പ്രവാസികളാണ്. നാല് വിമാനങ്ങളിലായി രണ്ടു ദിവസം കൊണ്ടാണ് 49 പേരാണ് ജില്ലയിൽ എത്തിയത്. ഇനി വരാനുള്ള പ്രവാസികളെ സർക്കാർ ക്വാറന്റൈനിൽ എത്തിക്കാൻ സൗകര്യങ്ങൾ ഒരുക്കും.