പാലക്കാട് : അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നുമുള്ളവർ എത്തിത്തുടങ്ങിയതോടെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായെങ്കിലും ജില്ലയിൽ എല്ലാവിധ സൗകര്യങ്ങളും സജ്ജമാണെന്ന് മന്ത്രി അറിയിച്ചു. ബാത്റൂം സൗകര്യങ്ങളോടെ 3537 പേർക്ക് നിരീക്ഷണ മുറികൾ ജില്ലയിൽ സർക്കാർ ഒരുക്കിയിട്ടുണ്ട്.
മെയ് നാല് മുതൽ എട്ടുവരെ 2525 പേരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നും പാലക്കാടെത്തിയത്. ഇതിൽ 1,288 പേർ റെഡ് സോണിൽ നിന്നും വന്നവരാണ്. 1600 ഓളം പേർ മറ്റുള്ള സ്ഥലങ്ങളിൽ നിന്നും വന്നവരാണ്. ഇവരെ കൃത്യമായി പരിശോധിച്ച് സർക്കാർ ക്വാറന്റൈനിലും ഹോം ക്വാറന്റൈനിലും പ്രത്യേകം നിരീക്ഷിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള വാർഡ് തല സമിതികൾ ഏതു ഘട്ടത്തെയും നേരിടാൻ സജ്ജമാണെന്ന് മന്ത്രി അറിയിച്ചു.
ദിവസേന 1600 മുതൽ 1800 വരെ ചരക്ക് വാഹനങ്ങളാണ് ജില്ലയിലെ അതിർത്തികൾ കടന്നെത്തുന്നത്. ഈ വാഹനങ്ങളിലെ ഒന്നോ രണ്ടോ ജീവനക്കാർ സഹിതം ചരക്കു ഗതാഗതവുമായി ബന്ധപ്പെട്ട് 3000 ഓളം ജീവനക്കാരും എത്തുന്നുണ്ട്. കൂടാതെ, 3000 ഓളം യാത്രക്കാരും എത്തുന്നുണ്ട്. ഈ വിഷയം ഗൗരവമായി കാണണമെന്നും സർക്കാർ നിർദേശിച്ച എല്ലാ നിബന്ധനകളും നിർബന്ധമായി പാലിക്കണമെന്നും മന്ത്രി ഓർമിപ്പിച്ചു. പൊലീസ്, എക്സൈസ്, റവന്യൂ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ വിവിധ പരിശോധനകൾക്ക് നേതൃത്വം നൽകിവരുന്നു.