പാലക്കാട്: മൂന്നാംഘട്ട ലോക്ക് ഡൗണിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക് ഡൗണിനോട് പൂർണമായും സഹകരിച്ച് പൊതുജനം വീട്ടിലിരുന്നു. നഗര - ഗ്രാമ വ്യത്യാസമില്ലാതെ കടകമ്പോളങ്ങൾ എല്ലാം അടഞ്ഞുകിടന്നു. ചുരുക്കം ചില സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമാണ് ഇന്നലെ നിരത്തിലിറങ്ങിയത്. വാഹനങ്ങളില്ലാത്തതിനാൽ നഗരത്തിൽ ഉൾപ്പെടെ പലയിടത്തെയും പെട്രോൾ പമ്പുകൾ തുറന്നില്ല. ഹോട്ടലുകളിൽ പാർസൽ സർവീസിന് സർക്കാർ ഇളവ് അനുവദിച്ചിരുന്നെങ്കിലും നഗരത്തിലെ ഭൂരിഭാഗം ഹോട്ടലുകളും ഇന്നലെ അടഞ്ഞുകിടന്നു. ആശുപത്രികളിലും തിരക്ക് കുറവായിരുന്നു.
വാളയാറിലെത്തുന്ന അന്തർസംസ്ഥാന യാത്രക്കാർക്ക് സഞ്ചരിക്കാനുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ബാധകമായിരുന്നില്ല. ഇവരെ വഹിച്ചുള്ള വാഹനങ്ങൾ ജില്ലാതിർത്തികളിലേക്ക് കടത്തിവിട്ടിരുന്നു. കൂടാതെ കൊവിഡ് സെന്ററുകളായി പ്രവർത്തിക്കുന്ന സ്ഥലങ്ങളിലേക്ക് ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും എത്തിക്കാനും ജില്ലാ ഭരണകൂടം പ്രത്യേകം ക്രമീകരണങ്ങൾ ചെയ്തിരുന്നു.
അന്യസംസ്ഥാനത്തുനിന്നുള്ള ആളുകൾ കൂടുതൽ എത്തുന്നതിനാൽ രോഗവ്യാപന സാദ്ധ്യത കണക്കിലെടുത്ത് ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ പൊലീസിന്റെ പരിശോധന ശ്കതമായിരുന്നു. പട്ടാമ്പിയിലും കൊപ്പത്തും അയൽജില്ലകളിൽ നിന്നുവന്ന വാഹനങ്ങൾ പൊലീസ് തടഞ്ഞു. അവരെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വൈദ്യപരിശോധനക്ക് വിധേയമാക്കി. ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവരെ നിരീക്ഷണത്തിന് നിർദേശിക്കുകയും ചെയ്തു.