പാലക്കാട്: അന്തർ സംസ്ഥാന യാത്രയ്ക്കുള്ള നിബന്ധനകൾ പാലിക്കാതെ ഇന്നലെയും നിരവധിയാളുൾ വാളയാർ അതിർത്തിയലെത്തി കുടുങ്ങി. പകൽ 12 മണിക്കുള്ളിൽ തന്നെ യാത്രാ പാസില്ലാതെ 70 ഓളം യാത്രക്കാർ തമിഴ്നാട്, കർണടക എന്നിവിടങ്ങളിൽ നിന്നായി സംസ്ഥാനാതിർത്തിയിലെത്തിയിരുന്നു. പാസില്ലാത്ത 130 ഓളം ആളുകളെ കഴിഞ്ഞദിവസം രാത്രി കോയമ്പത്തൂരിലെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിയതിന് പിന്നാലെയാണിത്.
അതിർത്തിയിൽ കുടുങ്ങിക്കടക്കുന്നവർക്ക് പാസ് അനുവദിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം വന്നതോടെ ഇന്നലെ ഉച്ചയ്ക്ക് ശേഷം ഇവരിൽ കുറച്ചാളുകൾക്ക് കേരളം പാസ് അനുവദിച്ചിരുന്നു. ബാക്കിയുള്ള 194 പേരെ ഇന്നലെ കോയമ്പത്തൂരിലെ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഇവർക്ക് നാളെയും മറ്റന്നാളുമായി ക്രമമനുസരിച്ച് പാസ് നൽകി സംസ്ഥാനാതിർത്തി കടത്തിവിടുമെന്ന് അധികൃതർ വ്യക്തമാക്കി.
ഇന്നലെ വൈകീട്ട് ആറുവരെയുള്ള കണക്കു പ്രകാരം 479 വാഹനങ്ങളിലായി ആകെ 1765 ആളുകളാണ് അയൽ സംസ്ഥാനങ്ങളിൽ നിന്നായി കേരളത്തിലേക്ക് എത്തിയത്. ഇതിൽ 1014 പുരുഷന്മാരും 487 സ്ത്രീകളും 264 കുട്ടികളും ഉൾപ്പെടുന്നു. അതിർത്തികളിൽ കഴിഞ്ഞദിവസമുണ്ടായ സംഭവങ്ങളെ തുടർന്ന് പാസില്ലാതെ വരുന്നവർക്ക് പാസ് അനുവദിക്കാൻ ഹൈക്കോടതി ഇന്നലെ നിർദ്ദേശിച്ചിരുന്നു. ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ പാസില്ലാതെ എത്തിയവരിൽ ചിലരെ ക്രമ പ്രകാരം ഇന്നലെ പാസ് നൽകി കടത്തി വിട്ടത്.