പാലക്കാട്: കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന അവസാനത്തെയാളുടെയും പരിശോധനാഫലം കൂടി നെഗറ്റീവായതോടെ പാലക്കാട് ജില്ല കോവിഡ് മുക്തമായി. കഴിഞ്ഞ ഏപ്രിൽ 21ന് രോഗം സ്ഥിരീകരിച്ച 30 വയസുള്ള കുഴൽമന്ദം സ്വദേശിയുടെ സാമ്പിൾ പരിശോധനാഫലം തുടർച്ചയായി രണ്ടുതവണ നെഗറ്റീവായതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.പി.റീത്ത അറിയിച്ചു. ഇദ്ദേഹം ആശുപത്രി വിടുന്നത് സംബന്ധിച്ച് ഇന്ന് വിദഗ്ദ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് തീരുമാനിക്കും.
രോഗം സ്വീകരിച്ച ശേഷം അഞ്ചുതവണ ഇദ്ദേഹത്തിന്റെ സാമ്പിൾ പരിശോധന നടത്തി. ഇതിൽ ആദ്യഫലം നെഗറ്റീവും പിന്നീട് രണ്ടുതവണ പോസിറ്റീവുമായിരുന്നു. ശേഷം നടത്തിയ രണ്ട് പരിശോധനകളാണ് നെഗറ്റീവായത്. ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള 13 പേരുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിനൊപ്പം കൊവിഡ് സ്ഥിരീകരിച്ച മറ്റ് നാലുപേർ വിവിധ ഘട്ടങ്ങളിലായി ആശുപത്രിവിട്ടിരുന്നു.
കൊവിഡ് മുക്തമായെങ്കിലും നിരീക്ഷണത്തിലുള്ള ആളുകളുടെ എണ്ണം കഴിഞ്ഞ മൂന്നുദിവസത്തിനുള്ളിൽ അയ്യായിരത്തിലെത്തിയത് വലിയ ആശങ്കയുണ്ടാക്കുന്നതാണ്. അന്തർ സംസ്ഥാന യാത്രക്കാർ കൂടുതലായി എത്തുന്നതാണ് വീടുകളിലും ഇൻസ്റ്റിറ്റ്യൂഷനുകളിലും നിരീക്ഷണത്തിലുള്ള ആളുകളുടെ എണ്ണം വർദ്ധിക്കാൻ കാരണം.
നിലവിൽ ജില്ലയിൽ 5137 പേർ വീടുകളിലും 32 പേർ പാലക്കാട് ജില്ലാ ആശുപത്രിയിലും ഒരാൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും മൂന്ന് പേർ മണ്ണാർക്കാട് താലൂക്ക് ആശുപത്രികളിലുമായി ആകെ 5169 പേരാണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു. പരിശോധനക്കായി ഇതുവരെ അയച്ച 3185 സാമ്പിളുകളിൽ ഫലം വന്ന 3075 നെഗറ്റീവും 13 എണ്ണം പോസിറ്റീവുമാണ്.
ആകെ 35403 ആളുകളാണ് ഇതുവരെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 30234 പേരുടെ നിരീക്ഷണ കാലാവധി പൂർത്തിയായി. 6009 ഫോൺ കോളുകളാണ് ഇതുവരെ കൺട്രോൾ റൂമിലേക്ക് വന്നിട്ടുള്ളത്.
കാവശ്ശേരിയിലെ പത്തുപേർ നിരീക്ഷണത്തിൽ
ആലത്തൂർ: വെള്ളിയാഴ്ച എറണാകുളത്ത് കോവിഡ് പോസിറ്റീവായ വ്യക്തി സന്ദർശിച്ച കാവശ്ശേരിയിലെ മൂന്ന് വീടുകളിലെ പത്തുപേർ നിരീക്ഷണത്തിൽ. റെഡ് സോണായ ചെന്നൈയിൽ നിന്നുവന്ന ഇയാൾ മെയ് ആറിനാണ് കാവശ്ശേരിയിലുള്ള ബന്ധുവീടുകളിൽ സന്ദർശനം നടത്തിയത്. വാളയാറിൽ നിന്നും പോകുന്ന വഴിയാണ് ഇയാൾ കാവശ്ശേരിയിലെത്തിയത്. മരണാനന്തര ചടങ്ങിലും അടുത്ത ബന്ധുവീട്ടിൽ കുട്ടിയുടെ 28ന് വരാൻ കഴിയാത്ത സ്ഥലത്തും ഇയാൾ സന്ദർശനം നടത്തിയിരുന്നു. റെഡ് സോണിൽ നിന്നുള്ള ഇയാളെ പാലക്കാട് ചെമ്പൈ സംഗീത കോളേജിലെ സ്‌ക്രീനിംഗിനു ശേഷമാണ് എറണാകുളത്തേക്ക് അയച്ചത്. ഈ മൂന്ന് ബന്ധുവീടുകൾ പൂർണമായും നിരീക്ഷണത്തിലാക്കിയ
തായി കാവശ്ശേരി ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു. അവർക്കാവശ്യ
മായ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത വാർഡ് തല നിരീക്ഷണ സമിതി ഉറപ്പാക്കിയിട്ടുണ്ട്. ഇവരെ ഇന്ന് ജില്ലാ ആശുപത്രിയിലെ കോവിഡ് കെയർ സെന്ററിലെത്തിച്ച് സ്രവ പരിശോധന നടത്തുമെന്ന് ജില്ലാ നോഡൽ ഓഫീസർ അറിയിച്ചു.പ്രാഥമിക സമ്പർക്ക പട്ടികയിലാണ് പത്ത് പേരെയും ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ എറണാകുളം ജില്ലയിൽ നിന്നും കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് ഇതുവരെയും ആരോഗ്യ വകുപ്പ് പുറത്തുവിട്ടിട്ടില്ല. നിരീക്ഷണ
ത്തിലുള്ളവർക്ക് ഇതുവരെയും യാതൊരു രോഗലക്ഷണങ്ങളും ഇല്ലെന്ന് ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു.