പാലക്കാട്: വാളയാർ ചെക്ക് പോസ്റ്റിലെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആരോഗ്യ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കുവരാൻ അതിർത്തിയിലെത്തുന്നവർക്കും രുചികരമായ ഭക്ഷണമൊരുക്കി കൈയ്യടിനേടുകയാണ് ഗ്ലോബൽ കുടുംബശ്രീ കഫേ. പ്രതിദിനം 250ഓളം പേർക്ക് മൂന്നുനേരവും ഭക്ഷണം നൽകുന്നുണ്ട് ഈ കുടുംബശ്രീ സംരംഭം.
പുതുശ്ശേരി സി.ഡി.എസിലെ 15 കുടുംബശ്രീ അംഗങ്ങളാണ് ഈ ഭക്ഷ്യശാലയ്ക്ക് നേതൃത്വം നൽകുന്നത്. കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തിൽ കാന്റീൻ ആന്റ് കാറ്ററിംഗ് നടത്തിപ്പിൽ വിദഗ്ദ്ധ പരിശീലനം നേടിയ ഗ്ലോബൽ കുടുംബശ്രീ കഫേ ഗ്രൂപ്പ് ആദ്യമായാണ് ഇത്തരത്തിലൊരു ചുമതല ഏറ്റെടുക്കുന്നത്. ചായ, ലഘു പലഹാരങ്ങൾ, ഊണ്, ലെമൺ റൈസ്, ടൊമോട്ടോ റൈസ്, ചപ്പാത്തി തുടങ്ങിയ വിവിധ വിഭവങ്ങൾ ചെറിയ വിലയിൽ ഇവിടെ ലഭ്യമാണ്. മെയ് 4 നാണ് ഇവർ വാളയാറിൽ പ്രവർത്തനമാരംഭിച്ചത്. അയൽസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്നവരുടെ തിരക്ക് കൂടിയതിനാൽ ജോലിഭാരവും വർദ്ധിക്കുന്നുണ്ടെങ്കിലും കൊറോണ പ്രതിരോധപ്രവർത്തനത്തിൽ ഉൾപ്പെട്ടവരുടെ വിശപ്പകറ്റാൻ കഴിയുന്നതിൽ സംതൃപ്തരാണ് ഗ്ലോബൽ കുടുംബശ്രീ കഫേ എന്ന വനിതാ സംരംഭക സംഘം.