പാലക്കാട്: യാത്രാപാസില്ലാതെ വാളയാർ അതിർത്തിയിലെത്തിയവരെ പൊലീസ് തിരിച്ചയച്ചു. കഴിഞ്ഞ രണ്ടുദിവസങ്ങളെ അപേക്ഷിച്ച് പാസില്ലാതെ വരുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്, അമ്പതോളം ആളുകൾ ഇന്നലെയും കേരളത്തിന്റെ പാസില്ലാതെ അതിർത്തിയിലെത്തിയിരുന്നു.

രണ്ടുദിവസമായി പാസില്ലാതെ അതിർത്തിയിൽ കുടുങ്ങിയവരെ ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് കഴിഞ്ഞദിവസം രാത്രിയോടെ രജിസ്ട്രേഷൻ പൂർത്തിയാക്കി കേരളത്തിലേക്ക് കടത്തിവിട്ടിരുന്നു. തുടർന്ന് സംസ്ഥാന സർക്കാരും കോടതിയും പാസ് നിർബന്ധമാണെന്ന് നിദ്ദേശിച്ചിരുന്നെങ്കിലും ഇപ്പോഴും ആളുകൾ പാസില്ലാതെ എത്തുന്നുണ്ട്. ഇവരെ പൊലീസ് അതിർത്തിയിൽ തടഞ്ഞ് കാര്യങ്ങൾ വിവരിച്ച് തിരിച്ചയക്കുകയായിരുന്നു.

റെഡ് സോണിൽ നിന്നടക്കം നിരവധിയാളുകളാണ് വാളയാർ വഴിയെത്തുന്നത്. പുതിയ നിർദ്ദേശമനുസരിച്ച് യാത്രക്കാരെ പരിശോധനകൾക്ക് ശേഷം നേരിട്ട് ഹോം ക്വാറന്റൈയിനിലേക്കാണ് വിടുന്നത്. പിന്നീട് അതത് വാർഡ് തല സമിതികളുടെ സഹായത്തോടെ ഇവരുടെ ആരോഗ്യനില നിശ്ചിത ഇടവേളകളിൽ വിളിച്ച് അന്വേഷിക്കുകയും ചെയ്യണം. ഇതിനാൽ തന്നെ ആരെയും പാസില്ലാതെ കടത്തിവിടില്ലെന്ന കർശന നിലപാടിലാണ് ജില്ലാ ഭരണകൂടം. നിലവിൽ കേരളത്തിന്റെ പാസ് ലഭിച്ചവർക്ക് മാത്രമാണ് തമിഴ്നാട് പാസ് നൽകുന്നത്. ഇതിന്റെ ഭാഗമായി ഇന്നലെ ചില യാത്രക്കാരെ തമിഴ്നാട് പൊലീസ് കോയമ്പത്തൂർ, മധുക്കരൈ എന്നിവിടങ്ങളിൽ തടഞ്ഞ് തിരിച്ചയച്ചു.

അതേസമയം, ഇന്നലെ വാളയാർ ചെക്‌പോസ്റ്റ് വഴി 890 വാഹനങ്ങളിലായി ആകെ 1960 ആളുകൾ കേരളത്തിൽ എത്തിയതായി സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ആർ.മനോജ് കുമാർ അറിയിച്ചു. ഇവരിൽ 763 പുരുഷൻമാരും 454 സ്ത്രീകളും 128 കുട്ടികളുമുൾപ്പെടുന്നു. ഇതിൽ 194 പേർ റെഡ് സോണിൽ നിന്ന് വന്നവരാണ്.