covid
രോഗമുക്തനായി ജില്ലാ ആശുപത്രിവിടുന്ന കുഴൽമന്ദം സ്വദേശിയെ ആശുപത്രി സൂപ്രണ്ട് പൂക്കൾ കൊടുത്ത് യാത്രയാക്കുന്നു

പാലക്കാട്: ചികിത്സയിലുണ്ടായിരുന്ന കുഴൽമന്ദം സ്വദേശിയും ആശുപത്രിവിട്ടതോടെ ജില്ല കൊവിഡ് മുക്തമായെന്ന് ആശ്വസിച്ചെങ്കിലും അതിന് ആയുസ് കുറവായിരുന്നു. ഇന്നലെ വൈകീട്ടോടെ ജില്ലയിൽ ഒരാൾക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതായി ഡി.എം.ഒ അറിയിച്ചു.

മെയ് ആറിന് ചെന്നൈയിൽ നിന്നുവന്ന 50 വയസുള്ള ശ്രീകൃഷ്ണപുരം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടുകാരനായ ഡ്രൈവറടക്കം കൂടെ ജോലിചെയ്യുന്ന ഒമ്പത് പേരുമായി തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള വാഹനത്തിലാണ് ഇദ്ദേഹം പാലക്കാട്ടെത്തിയത്. മെയ് ആറിന് രാവിലെ ഒമ്പതിന് വാളയാർ അതിർത്തിയിലെത്തി ഒരുമണിക്കൂർ ആരോഗ്യപരിശോധന ഉൾപ്പെടെയുള്ള നടപടികൾക്കായി തങ്ങിയിരുന്നു. അന്ന് ഇദ്ദേഹത്തിന് ലക്ഷണങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. തുടർന്ന് ഇവരെ മാങ്ങോടുള്ള ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനായ കേരള മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഴിഞ്ഞദിവസം അസ്വസ്ഥത അനുഭവപ്പെട്ടതിനാൽ ഇദ്ദേഹത്തെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും സ്രവപരിശോധന നടത്തുകയുമായിരുന്നു. ഇന്നലെ ഫലം വരികയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. ചെന്നൈയിൽ ചായക്കട നടത്തുന്നയാളാണ് ഇദ്ദേഹം. ഇദ്ദേഹത്തോടൊപ്പമുള്ള മറ്റ് എട്ട് പേരെയും നിരീക്ഷിച്ചുവരികയാണെന്നും സ്രവ പരിശോധന നടത്തുമെന്നും ഡി.എം.ഒ അറിയിച്ചു. റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം തയ്യാറാക്കി വരികായണ്.



 ജില്ലയിൽ 5914 പേർ നിരീക്ഷണത്തിൽ

നിലവിൽ പാലക്കാട് 5873 പേർ വീടുകളിലും 35 പേർ ജില്ലാ ആശുപത്രിയിലും രണ്ടുപേർ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഒരാൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും മൂന്നുപേർ മണ്ണാർക്കാട് താലൂക്ക് ആശുപത്രികളിലുമായി ആകെ 5914 പേരാണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എംഒ അറിയിച്ചു.

പ്രവാസികളും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തിൽ വർദ്ധനവുണ്ടായത്. പരിശോധനക്കായി ഇതുവരെ അയച്ച 3211 സാമ്പിളുകളിൽ ഫലം വന്ന 3113 നെഗറ്റീവും 14 എണ്ണം പൊസിറ്റീവുമാണ്. ഇവരിൽ 13 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. ഇന്നലെ രോഗം സ്ഥിരീകരിച്ചയാൾ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്.
ആകെ 36148 ആളുകളാണ് ഇതുവരെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 30234 പേരുടെ നിരീക്ഷണ കാലാവധി പൂർത്തിയായി. 6207 ഫോൺ കോളുകളാണ് ഇതുവരെ കൺട്രോൾ റൂമിലേക്ക് വന്നിട്ടുള്ളത്.

കേരളത്തിനു പുറത്തുനിന്ന് വന്നവർ ശ്രദ്ധിക്കേണ്ടത്

 രോഗലക്ഷണങ്ങളില്ലെങ്കിലും 14ദിവസം സർക്കാർ നിർദേശപ്രകാരമുള്ള സ്ഥലത്ത് കഴിയണം
 വായു സഞ്ചാരമുള്ള സ്ഥലത്ത് തങ്ങുക, ജനാലകൾ തുറന്നിടുക.
 മൊബൈൽ, പാത്രങ്ങൾ, ബെഡ്ഷീറ്റുകൾ ആരുമായും പങ്കുവയ്ക്കരുത്.
 സന്ദർശകരെ നിർബന്ധമായും ഒഴിവാക്കുക
 വയോജനങ്ങൾ, കുട്ടികൾ, ഗർഭിണികൾ, രോഗികൾ എന്നിവരുമായി നിരീക്ഷണത്തിലുള്ളവർ സമ്പർക്കം പുലർത്തരുത്
 വ്യക്തിശുചിത്വം പാലിക്കുക, നിർബന്ധമായും മാസ്‌ക് ധരിക്കുക
 ബ്ലീച്ച് ലായനി ഉപയോഗിച്ച് മുറിയുടെ തറ, വാഷ്‌ബേസിൻ, കക്കൂസ്, ഗൃഹോപകരണങ്ങൾ, തുടങ്ങിയവ വൃത്തിയാക്കുക
 പൊതുഗതാഗതം / വാഹനം ഉപയോഗിക്കാതിരിക്കുക
 നന്നായി വിശ്രമിക്കുക, ധാരാളം വെള്ളംകുടിക്കുക, പോഷക സമൃദ്ധമായ ആഹാരം കഴിക്കുക
 രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഉടനെ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടുക
 നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തി ഉപയോഗിച്ച തുണികൾ ഡിറ്റർജന്റുകളുപയോഗിച്ച് കഴുകിയശേഷം വെയിലത്ത് ഉണക്കിയെടുക്കുക
 ഉപയോഗം കഴിഞ്ഞ് പാഴ് വസ്തുക്കൾ, ടിഷ്യൂ, മാസ്‌ക്, ഭക്ഷണം എന്നിവ പുറത്തേക്ക് എറിയാതിരിക്കുക
 നിരീക്ഷണത്തിൽ കഴിയുന്നവരുടെ ഭക്ഷണാവശിഷ്ടങ്ങൾ മൃഗങ്ങൾക്കോ പക്ഷികൾക്കോ നൽകരുത്.
 നിരീക്ഷണത്തിൽ കഴിയുന്നയാളുടെ മുറിയോട് ചേർന്ന് ശൗചാലയം സജ്ജമാക്കുകയോ ആളിനു മാത്രമായി ഉപയോഗിക്കാൻ പ്രത്യേക ശൗചാലയം സജ്ജീകരിക്കയോ വേണം