പാലക്കാട്: വാളയാർ അതിർത്തിയിൽ നിബന്ധനകൾ പാലിക്കാതെയുള്ള യാത്രക്കാരുടെ കടന്നുവരവ് പ്രോത്സാഹിപ്പിക്കുന്ന സമീപനം ജനപ്രതിനിധികൾ സ്വീകരിക്കരുതെന്ന് മന്ത്രി എ.കെ ബാലൻ. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അവലോകന യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
അന്യസംസ്ഥാനങ്ങളിൽ നിന്നുവരുന്നവരെ മുഴുവൻ നടപടിക്രമങ്ങളും പൂർത്തീകരിച്ച ശേഷമേ കടത്തിവിടാവൂ. പ്രോട്ടോകോൾ പാലിച്ചുവേണം പാസ് അനുവദിക്കാൻ. തമിഴ്‌നാട് രാജ്യത്ത് സമൂഹ വ്യാപനത്തിൽ നാലാംസ്ഥാനത്താണ്. തമിഴ്‌നാട്ടിൽ പോസിറ്റീവ് കേസുകളുടെ എണ്ണവും മരണവും ദിനംപ്രതി വർദ്ധിക്കുന്നുണ്ട്. റെഡ് സോൺ, ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങളിൽ നിന്ന് വരുന്നവരെ ക്വാറന്റൈൻ ചെയ്യുന്നതടക്കമുള്ള സൗകര്യങ്ങളൊരുക്കിയശേഷമേ പാസ് അനുവദിക്കാനാവു എന്നും മന്ത്രി പറഞ്ഞു.
മന്ത്രി കെ.കൃഷ്ണൻകുട്ടി, ജില്ലാ കലക്ടർ ഡി.ബാലമുരളി, ജില്ലാ പൊലീസ് മേധാവി ജി.ശിവ വിക്രം, എ.ഡി.എം ടി.വിജയൻ എന്നിവർ പങ്കെടുത്തു.
രോഗവ്യാപന സാദ്ധ്യത തള്ളിക്കളയാനാവില്ല
വിദേശരാജ്യങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയശേഷം ഹോം ക്വാറന്റൈനിൽ കഴിയുന്നവരുടെ എണ്ണം വർധിച്ചതോടെ രോഗവ്യാപന സാധ്യതയും കൂടിയിട്ടുണ്ട്. 13 രോഗികൾ ഉണ്ടായിരുന്ന ജില്ലയിൽ പിന്നീട് രോഗികളില്ലാത്ത അവസ്ഥയിലേക്ക് മാറിയെങ്കിലും കഴിഞ്ഞദിവസം ഒരാൾക്കുകൂടി രോഗം സ്ഥിരീകരിച്ചിരിരുന്നു. കണക്കുകളിൽ മാറ്റം ഉണ്ടാവില്ല എന്ന് തീർത്തുപറയാനാകില്ല.
സമൂഹ വ്യാപനമുണ്ടായാൽ നേരിടാൻ ജില്ലയിൽ ഫസ്റ്റ് ലൈൻ കെയർ സെന്ററിൽ 4700 കിടക്കകൾ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ 276 കോവിഡ് കെയർ സെന്ററുകളിലായി 280 പേരാണ് നിരീക്ഷണത്തിലുള്ളത്. അഞ്ചു കോവിഡ് കെയർ സെന്ററുകളിലായി 81 പ്രവാസികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. 87 പ്രവാസികളെ ഹോം ക്വാറന്റൈനിൽ അയച്ചിട്ടുണ്ട്.
അന്യസംസ്ഥാനങ്ങളിൽ നിന്ന് 4600 പാലക്കാട്ടുകാരാണ് ഇതുവരെ എത്തിയത്. ആകെ 17806 പേർ ജില്ലയിലേക്ക് എത്താൻ പാസിനായി അപേക്ഷിച്ചിട്ടുണ്ട്. ഇതിൽ 15489 പേരും വാളയാർ വഴിയാണ് ജില്ലയിലേക്ക് എത്തുക. ആദ്യദിനം 395 വാഹനങ്ങളാണ് വാളയാർ ചെക്ക്‌പോസ്റ്റ് വഴി കേരളത്തിലേക്ക് എത്തിയത്. പിന്നീടത് 1036 ആയി ഉയർന്നതും ഗൗരവത്തോടെ കാണണമെന്ന് എ.കെ.ബാലൻ പറഞ്ഞു.
മെഡിക്കൽ കോളേജിൽ ടെസ്റ്റ് യൂണിറ്റിന് 30 ലക്ഷം
ആർ.ടി.പി.സി.ആർ പരിശോധന സംവിധാനത്തിനായി പാലക്കാട് മെഡിക്കൽ കോളേജിന് പട്ടികജാതി പട്ടികവർഗ വകുപ്പിൽ നിന്ന് 30 ലക്ഷം അനുവദിച്ചതായി മന്ത്രി എ.കെ ബാലൻ അറിയിച്ചു. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ദിനംപ്രതി 200 ടെസ്റ്റുകൾ നടത്താനാവും. നിലവിൽ ദിനംപ്രതി 80 സാമ്പിളുകളാണ് പരിശോധനക്കായ് തൃശൂർ മെഡിക്കൽ കോളേജിലേക്ക് അയക്കുന്നത്. ടെസ്റ്റിംഗ് യൂണിറ്റിനുള്ള അനുമതിക്കായി ഐ.സി.എം.ആറിനു അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ക്വാറന്റൈൻ മൂന്ന് തരം
അന്യസംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലേക്ക് വരുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ ഇവരെ ഹോം ക്വാറന്റൈനിൽ അയക്കാനുള്ള നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്. എന്നാൽ, വീടുകളിലേക്ക് അയക്കുന്നതോടെ രോഗസാധ്യയില്ലെന്ന സമീപനം മാറേണ്ടതുണ്ട്. ഹോം ക്വാറന്റൈൻ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ട്. പൊലീസ് സേനയുടെ നേതൃത്വത്തിൽ വീടുകളിൽ കഴിയുന്നവരെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. വിദേശത്തുനിന്ന് എത്തുന്നവരെ പ്രാഥമിക പരിശോധനയ്ക്കു ശേഷം വീടുകളിലേക്ക് അയക്കുകയാണ്. എന്നാൽ വീടുകളിൽ സൗകര്യം ഇല്ലാത്തവർക്ക് ഇൻസ്റ്റിറ്റിയുഷണൽ ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്തുന്നുണ്ട്. താത്പര്യമുള്ളവർക്ക് സർക്കാർ നിർദ്ദേശിക്കുന്ന സ്ഥാപനങ്ങളിലും ഹോട്ടലുകളിലും പെയ്ഡ് സൗകര്യങ്ങളും പ്രയോജനപ്പെടുത്താം.