പാലക്കാട്: ബഹറിൻ, ദുബായ് എന്നിവിടങ്ങളിൽ നിന്നായി കഴിഞ്ഞദിവസം ജില്ലയിലെത്തിയ 23 പ്രവാസികളിൽ 12പേരെ ജില്ലയിലെ വിവിധ കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലാക്കി. ബാക്കി 11പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ഇതിനുപുറമേ എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന പാലക്കാട് സ്വദേശിയായ പ്രവാസിയെയും ചെർപ്പുളശ്ശേരി ശങ്കർ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്.
ബഹറിനിൽ നിന്നും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെ പുലർച്ചെ വന്നിറങ്ങിയ 7 പാലക്കാട് സ്വദേശികളിൽ 3 പേരെ നിരീക്ഷണത്തിനായി ചെർപ്പുളശ്ശേരി ശങ്കർ ഹോസ്പിറ്റലിലേക്ക് മാറ്റി പാർപ്പിച്ചു. മടങ്ങിയെത്തിയ ബാക്കി നാലുപേരിൽ ഒരാൾ ഗർഭിണിയും മറ്റൊരാൾ അത്യാവശ്യ ചികിത്സ ആവശ്യമുള്ള ആളുമാണ്. മുതിർന്ന പൗരൻ, അടുത്ത ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് വന്ന മറ്റൊരാൾ എന്നിവരാണ് രണ്ടുപേർ. അതിനാൽ ഇവർക്ക് വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കാം. കൂടാതെ ബഹറിനിൽ നിന്നും എത്തിയ പാലക്കാട് (ശ്രീകൃഷ്ണപുരം) സ്വദേശി(44)യെ രോഗലക്ഷണങ്ങൾ കാണപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുമുണ്ട്.
ദുബായിൽ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം രാത്രി എത്തിയ 16 പാലക്കാട് സ്വദേശികളിൽ ഒമ്പത് പേരെ ജില്ലയിൽ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ ചെയ്തു. ആറുപേരെ പാലക്കാട് ഗവ. മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികളുടെ ഹോസ്റ്റലിലും മൂന്നുപേരെ പാലക്കാട് ഹോട്ടൽ ഇന്ദ്രപ്രസ്ഥയിലുമാണ് നിരീക്ഷണത്തിൽ ആക്കിയിരിക്കുന്നത്. ബാക്കിയുള്ള ഏഴുപേർ വീട്ടിൽ നിരീക്ഷണത്തിൽ തുടരും.
വിമാനത്താവളത്തിലെ പരിശോധനക്ക് ശേഷം ജില്ലയിലെ കോവിഡ് കെയർ കൺട്രോൾ സെന്ററായ ചെമ്പൈ സംഗീത കോളേജിൽ എത്തിയവരെയാണ് ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.