പാലക്കാട്: ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ട ഷാപ്പുകൾ ഇന്നലെ തുറന്ന് മണിക്കൂറുകൾക്കകം കള്ള് തീർന്നു. തുടർന്ന് മിക്ക ഷാപ്പുകളും അടച്ചു. ആവശ്യക്കാരുടെ എണ്ണം കൂടിയതും ആവശ്യത്തിന് കള്ളില്ലാത്തതുമാണ് കാരണം.
ജില്ലയിൽ ആകെയുള്ള 809 ഷാപ്പുകളിൽ 669 എണ്ണത്തിനാണ് നിലവിൽ വില്പനയ്ക്ക് അനുമതിയുള്ളത്. ഇതിൽ 75 ശതമാനം ഷാപ്പുകളും ഇന്നലെ തുറന്നിരുന്നു. ലൈസൻസ് പുതുക്കുന്ന നടപടി പൂർത്തിയാക്കാത്തതിനാൽ 140 ഷാപ്പുകൾക്ക് ലൈസൻസ് ലഭിക്കാനുണ്ട്.
100 മുതൽ 150 ലിറ്റർവരെ വില്പന നടത്തിയിരുന്ന ഷാപ്പുകളിൽ ഇന്നലെയെത്തിയത്
30 മുതൽ 50 വരെ ലിറ്റർ കള്ള് മാത്രം. ഒരാൾക്ക് ഒന്നര ലിറ്റർ കള്ള് വാങ്ങാൻ അനുമതിയുണ്ടായിരുന്നെങ്കിലും പല ഷാപ്പുകളിലും ആളുകൾക്ക് ഒരു ലിറ്റർ മാത്രമാണ് നൽകിയത്. അതും 20 രൂപയോളം അധികം വില ഈടാക്കി. ലോക്ക് ഡൗണിന് മുമ്പ് ഒരു കുപ്പി കള്ളിന് 70 രൂപയായിരുന്നത് ഇന്നലെ 90 ആയി. ഒരു കപ്പിന് 50 രൂപയും. എന്നിട്ടും ഷാപ്പു തുറന്ന് അരമണിക്കൂറിനകം മുഴുവൻ കള്ളും വിറ്റു. രാവിലെമുതൽ ഷാപ്പിനു മുമ്മിൽ ക്യൂ നിന്നിട്ടും ഒരുതുള്ളി കള്ളുപോലും കിട്ടാതെ നിരവധിയാളുകളാണ് മടങ്ങിപ്പോയത്.
രാവിലെ ഒമ്പത് മണിക്ക് ഷാപ്പ് തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഏഴു മുതൽ തന്നെ ആവശ്യക്കാർ ഷാപ്പുകൾക്ക് മുന്നിൽ വരിനിൽക്കുന്ന അവസ്ഥയായിരുന്നു. പല ഷാപ്പുകളിലും സാമൂഹ്യ അകലം പാലിക്കാതെ വരി നിന്നവരെ എക്‌സൈസ് സംഘം ഇടപെട്ടാണ് നിയന്ത്രിച്ചത്.
നിയമം ലംഘിച്ചാൽ നടപടി
കള്ളിന്റെ ക്ഷാമം മുതലെടുത്ത് ഷാപ്പ് ഉടമകളിൽ നിന്ന് അമിത വിലയ്ക്ക് കള്ളുവാങ്ങി ബ്ലാക്കിൽ വിൽക്കുന്നവരെ പിടികൂടാൻ പരിശോധന ശക്തമാക്കിയിട്ടുണ്ട്. കൂടാതെ സാമൂഹ്യ അകലം ഉൾപ്പെടെയുള്ള മാർഗനിർദ്ദേശങ്ങൾ ഷാപ്പുകളിൽ നിൽക്കുന്നവരും വാങ്ങാൻ വരുന്നവരും പാലിക്കുന്നുണ്ടോയെന്നും പരിശോധിക്കും. ലംഘനങ്ങൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കും.
എക്‌സൈസ് ഡിവിഷൻ ഓഫീസ്, പാലക്കാട്
ആവശ്യക്കാർ ഏറെ, പക്ഷേ കള്ളില്ല
ചിറ്റൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഉല്പാദനം പകുതിപോലുമായിട്ടില്ല. ജൂൺ രണ്ടാംവാരത്തിലേ ചിറ്റൂരിൽ കള്ളുത്പാദനം പഴയപടിയാകു. ഒരു ദിവസം ചിറ്റൂരിൽ നിന്ന് മൂന്ന് ലക്ഷം ലിറ്റർ കള്ളാണ് മറ്റു ജില്ലകളിലേക്ക് പോകുന്നത്. ഇതിന്റെ മൂന്നിൽ ഒന്ന് ഉല്പാദനം പോലും നിലവിലില്ല. തൊഴിലാളി ക്ഷാമമാണ് പ്രതിസന്ധിക്ക് കാരണം. ഭൂരിഭാഗം പേരും ലോക്ക് ഡൗണിന് മുമ്പ് തന്നെ നാട്ടിലേക്ക് മടങ്ങിയിരുന്നു. നിലവിൽ പ്രദേശിക തൊഴിലാളികൾ മാത്രമാണുള്ളത്.
കെ.കെ.ഭഗീരഥൻ,
കള്ള്ഷാപ്പ് ലൈസൻസ് അസോസിയേഷൻ, ജില്ലാ സെക്രട്ടറി, പാലക്കാട്