പാലക്കാട്: ജില്ലയിൽ നാല് കോവിഡ് കേസുകൾ സ്ഥിരീകരിച്ചതിനാൽ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും തുടരുകയാണ്. നിലവിൽ ജില്ലയിൽ 6645 പേർ വീടുകളിലും 32 പേർ പാലക്കാട് ജില്ലാ ആശുപത്രിയിലും രണ്ട് പേർ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഒരാൾ മണ്ണാർക്കാട് താലൂക്ക് ആശുപത്രികളിലുമായി ആകെ 6680 പേരാണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു. പരിശോധനക്കായി ഇതുവരെ അയച്ച 3429 സാമ്പിളുകളിൽ ഫലം വന്ന 3271 നെഗറ്റീവും 14 എണ്ണം പോസിറ്റീവുമാണ്. ആകെ 37169 ആളുകളാണ് ഇതുവരെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 30489 പേരുടെ നിരീക്ഷണ കാലാവധി പൂർത്തിയായി. 6577 ഫോൺ കോളുകളാണ് ഇതുവരെ കൺട്രോൾ റൂമിലേക്ക് വന്നിട്ടുള്ളത്.

ക്വാറന്റൈനിലുളള വ്യക്തിയെ പരിചരിക്കുന്നവർ ശ്രദ്ധിക്കേണ്ടത്

1. യാതൊരു കാരണവശാലും വീട് വിട്ട് പുറത്ത് പോകരുത്.
2. ഇവർ മറ്റ് കുടുബാംഗങ്ങളെ പരിചരിക്കരുത്.
3. ക്വാറന്റൈനിലുളള വ്യക്തി താമസിക്കുന്ന മുറിയിൽ അത്യാവശ്യഘട്ടങ്ങളിൽ മാമ്രേ പരിചരിക്കുന്ന വ്യക്തി പ്രവേശിക്കാൻ പാടുളളൂ.
4. ക്വാറന്റൈനിലുളള വ്യക്തി താമസിക്കുന്ന മുറിയിൽ കയറേണ്ടിവരുന്ന സന്ദർഭങ്ങളിൽ ഇവർ സർജിക്കൽ മാസ്‌കും ഗ്ലൗസും ഉചിതമായ രീതിയിൽ ധരിച്ചു എന്ന് ഉറപ്പുവരുത്തണം.
5. ഒരു തവണ ഉപയോഗിച്ചശേഷം മാസ്‌കും ഗ്ലൗസും ഉപേക്ഷിക്കണം. ഒരു കാരണവശാലും വീണ്ടും ഉപയോഗിക്കരുത്.
6. മുറിയിൽ നിന്ന് ഇറങ്ങിയ ശേഷവും രോഗിയുടെ പരിചരണശേഷവും ഉടൻ കൈകൾ സോപ്പും വെളളവും ഉപയോഗിച്ച് കഴുകണം.
7. മുറിക്കുളളിലെ കതകിന്റെ പിടികൾ, ഫർണിച്ചർ, സ്വിച്ചുകൾ മുതലായ ഒരു പ്രതലത്തിലും സ്പർശിക്കരുത്.
8. രോഗലക്ഷണങ്ങൾ ഉണ്ടാകുന്നോ എന്ന് സ്വയം നിരീക്ഷിക്കണം.
9. ഏറ്റവും ചെറിയ തരത്തിലെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടായാൽ അടുത്തുളള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെയോ മറ്റ് പ്രാദേശിക പൊതു ആരോഗ്യ സ്ഥാപനങ്ങളിലെയോ അധികാരികളെ അറിയിക്കണം.