പാലക്കാട്: കേരള സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് ജേതാക്കളായ ജില്ലയിലെ കലാകാരന്മാർ ജില്ലാ കോർഡിനേറ്ററുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1,02,111 രൂപ സമാഹരിച്ചു നൽകി. സംസ്ഥാനത്തൊട്ടാകെയുള്ള വജ്രജൂബിലി കലാപ്രവർത്തകർ ചേർന്ന് 1182491 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
സാംസ്കാരിക വകുപ്പ് ഡയറക്ടർ സദാശിവൻ നായരുടെ നേതൃത്വത്തിൽ കോട്ടയം ജില്ലാ കോർഡിനേറ്റർ അജേഷ് വി.വി, കൊല്ലം ജില്ലാ കോർഡിനേറ്റർ ഷൈലജ പി അംബു എന്നിവർ ചേർന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന് തുക നേരിട്ടു കൈമാറി. കോവിഡ് കാലത്ത് സാമൂഹിക പ്രവർത്തനങ്ങളിൽ വേറിട്ട മാതൃക തീർക്കുകയാണ് പാലക്കാട് ജില്ലയിലെ 96 വജ്രജൂബിലി കലാകാരൻമാർ. ഓട്ടൻതുള്ളൽ കലാകാരി അഞ്ജു തന്റെ വിവാഹ ദിവസം രണ്ടുമാസത്തെ ഫെലോഷിപ്പ് തുകയായ 20000 രൂപ ചേലക്കര എം എൽ എ യു ആർ പ്രദീപിനെ ഏൽപ്പിച്ചിരുന്നു.
കോൽക്കളി കലാകാരനായ എസ്.സജിത്ത് തന്റെ ഒരുമാസത്തെ ഫെലോഷിപ്പ് തുക 10 അവശ കലാകാരന്മാർക്ക് ഗുരുദക്ഷിണയായി നൽകി. ജില്ലയിലെ കലാകാരൻമാർ ചേർന്ന് സ്നേഹവണ്ടിയെന്ന പേരിൽ ഭക്ഷ്യകിറ്റ് വിതരണവും നടത്തി.