പാലക്കാട്: ജില്ലയിൽ മെയ് 11ന് കൊവിഡ് 19 സ്ഥിരീകരിച്ച ശ്രീകൃഷ്ണപുരം സ്വദേശിയുടെ കൂടെയുണ്ടായിരുന്ന കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം സ്വദേശികളായ രണ്ടുപേർക്ക് കൂടി ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചതായി ഡി.എം.ഒ കെ.പി.റീത്ത അറിയിച്ചു. ഇതോടെ ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം മൊത്തം മൂന്നായി.
തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനത്തിൽ തമിഴ്നാട്ടുകാരനായ ഡ്രൈവറടക്കം ഒൻപത് പേരടങ്ങുന്ന സംഘത്തിലുണ്ടായിരുന്നവരാണ് ഇവർ. ചെന്നൈയിൽ ചായക്കട നടത്തിയിരുന്നവരാണ് ശ്രീകൃഷ്ണപുരം സ്വദേശികൾ. മാർച്ച് 24വരെയാണ് ഇവരുടെ ചായകട പ്രവർത്തിച്ചത്.
മെയ് ആറിന് രാവിലെ ഒമ്പതിനാണ് ഇവർ വാളയാർ അതിർത്തിയിലൂടെ നാട്ടിലേക്ക് വന്നത്. സംഘം അവിടെ ഒരു മണിക്കൂറോളം ആരോഗ്യ പരിശോധന ഉൾപ്പെടെയുള്ള നടപടികൾക്കായി തങ്ങിയിരുന്നു. ഈ രണ്ടുപേർ ഉൾപ്പെട്ട എഴംഗ സംഘത്തെ മാങ്ങോടുള്ള ഇൻസ്റ്റിറ്റിയൂഷ്നൽ ക്വാറന്റൈനായ കേരള മെഡിക്കൽ കോളേജിലേക്ക് മെയ് 6ന് തന്നെ മാറ്റുകയും നിരീക്ഷിച്ചുവരികയുമായിരുന്നു. സംഘത്തിലെ മറ്റ് അഞ്ചുപേരുടെയും ഫലം നെഗറ്റീവാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. മാർച്ച് 11ന് രോഗം സ്ഥിരീകരിച്ച വ്യക്തിയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്കുമാറ്റി തുടർന്ന് പരിശോധനനടത്തി രോഗം സ്ഥിരീകരിക്കുകയായിരുന്നു. നിലവിൽ മലപ്പുറം സ്വദേശി ഉൾപ്പെടെ ജില്ലയിൽ നാല് കൊവിഡ് കേസുകളുണ്ട്. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.