covid
കൊവിഡ്

പാലക്കാട്: ജില്ലയിൽ ഇന്നലെ മൂന്നുപേർക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്നെത്തിയ കടമ്പഴിപ്പുറം സ്വദേശി, ചുമട്ട് തൊഴിലാളിയായ ചുള്ളിമട സ്വദേശി, ദമാമിൽ നിന്ന് എറണാകുളത്തെത്തിയ പാലക്കാട് സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ആറിന് ചെന്നൈയിൽ നിന്ന് വാളയാർ വഴി ജില്ലയിലെത്തിയ കടമ്പഴിപ്പുറം സ്വദേശിയായ 35 കാരൻ ചെന്നൈയിൽ ചായക്കടയിലെ ജോലിക്കാരനാണ്. 11ന് തൊണ്ടവേദന അനുഭവപ്പെട്ടു. 12ന് ആംബുലൻസിൽ ഒറ്റപ്പാലം താലൂക്കാശുപത്രിയിൽ എത്തിച്ച് സാമ്പിൾ എടുത്ത് വീട്ടിൽ നിരീക്ഷണത്തിൽ തുടരെയാണ് രോഗം സ്ഥിരീകരിച്ചത്.

ചുമട്ടു തൊഴിലാളി 30കാരനായ ചുള്ളിമട സ്വദേശിക്ക് മാങ്ങ കയറ്റാനായി തമിഴ്നാട്ടിൽ നിന്നെത്തിയ ലോറി ഡ്രൈവറിൽ നിന്നാണ് രോഗം പകർന്നതെന്നാണ് നിഗമനം. 12ന് വൈകിട്ട് പനിയും ശരീരവേദനയും ഉണ്ടായതിനെ തുടർന്ന് ഇയാൾ ചുള്ളിയാർ മേട്ടിലെ ആശുപത്രിയിൽ ചികിത്സ തേടി.

ദമാമിൽ നിന്നെത്തി നെടുമ്പാശേരിയിലിറങ്ങിയ ശേഷം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയ പാലക്കാട് സ്വദേശിയാണ് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ. നിലവിൽ രോഗം സ്ഥിരീകരിച്ച രണ്ടുപേർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മലപ്പുറം സ്വദേശി ഉൾപ്പെടെ മൊത്തം ആറുപേരാണ് ജില്ലയിൽ കൊവിഡ് ചികിത്സയിലുളളത്.

ജില്ലയിൽ നിലവിൽ 96 പ്രവാസികളാണ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലുള്ളത്. ചിറ്റൂർ കരുണ മെഡിക്കൽ കോളേജിൽ 24 പേരും എലപ്പുള്ളി അഹല്യ ഹെറിറ്റേജിൽ 19 പേരും ചെർപ്പുളശേരി ശങ്കർ ആശുപത്രിയിൽ 29 പേരും പാലക്കാട് ഹോട്ടൽ ഇന്ദ്രപ്രസ്ഥയിൽ പത്തുപേരും പാലക്കാട് ഗവ.മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ 14 പേരും ഉൾപ്പെടെയാണിത്.

ഇവരുടെ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഓരോ കേന്ദ്രങ്ങളുടെയും ചുമതലയുള്ള നോഡൽ ഓഫീസർമാർ ഇവരെ സ്ഥിരമായി പരിശോധിക്കുന്നുണ്ട്. അടുത്ത ദിവസങ്ങളിലായി ഇവരുടെ സാമ്പിൾ പരിശോധനയ്ക്ക് അയയ്ക്കും. കുവൈറ്റ്, ജിദ്ദ എന്നിവിടങ്ങളിൽ നിന്നായി 13ന് കരിപ്പൂർ വഴിയെത്തിയ 22 പ്രവാസികളിൽ ഏഴുപേർ കൊവിഡ് കെയർ സെന്ററുകളിലും 14 പേർ വീടുകളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണം കണ്ട ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുവൈറ്റിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ 16 പേരിൽ ആറുപേർ ചെർപ്പുളശേരി ശങ്കർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. രോഗലക്ഷണം കണ്ടതിനെ തുടർന്ന് ഒരാളെ കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ബാക്കി ഒമ്പതുപേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ജിദ്ദയിൽ നിന്നും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ആറുപേരിൽ ഒരാൾ പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ നിരീക്ഷണത്തിലാണ്. ബാക്കി അഞ്ചുപേർ വീടുകളിലും ക്വാറന്രൈനിലാണ്.

കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ ആരോഗ്യസ്ഥിതിയിൽ നിലവിൽ ആശങ്കയില്ല. ആർക്കും ശാരീരിക അസ്വസ്ഥതയില്ല. ഒരു മലപ്പുറം സ്വദേശി ഉൾപ്പെടെ ആറുപേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. 12ന് രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയോടൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ച ബന്ധുവിന്റെ പരിശോധനാ ഫലം നെഗറ്റീവാണ്. ഇദ്ദേഹത്തെ ഒരാഴ്ച കൂടി നിരീക്ഷിച്ച ശേഷം വിട്ടയക്കും.
ചെന്നൈയിൽ നിന്ന് വന്ന ശ്രീകൃഷ്ണപുരം സ്വദേശിക്ക് 11നും ഒപ്പം വന്ന രണ്ടുപേർക്ക് 13നുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

മേയ് 12ന് രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതും അദ്ദേഹം വന്ന സമയത്ത് വാളയാർ അതിർത്തിയിൽ ഉണ്ടായിരുന്ന ജനപ്രതിനിധികൾ,​ പൊലീസുകാർ, ആരോഗ്യ പ്രവർത്തകർ,​ മാദ്ധ്യമപ്രവർത്തകർ,​ പൊതുജനം തുടങ്ങിയ 400ഓളം പേർ 14 ദിവസത്തേക്ക് ഹോം ക്വാറന്റെയിനിൽ പ്രവേശിക്കണമെന്നും ഡി.എം.ഒ ഓഫീസുമായി ബന്ധപ്പെടണമെന്നും ഡി.എം.ഒ കെ.പി.റീത്തയുടെ നേതൃത്വത്തിൽ ചേർന്ന മെഡിക്കൽ ബോർഡ് നിർദ്ദേശിച്ചു.
പ്രാഥമിക സമ്പർക്ക പട്ടിക ഹൈറിസ്‌ക്- ലോ റിസ്‌ക് എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്. ചെന്നൈയിൽ നിന്ന് ഒമ്പതിന് വാളയാറിലെത്തി നടപടി ക്രമങ്ങൾക്കായി കാത്തുനിൽക്കെ കുഴഞ്ഞുവീണ മലപ്പുറം സ്വദേശിയെ എടുത്തുപൊക്കിയ പ്രൈമറി ഹൈ റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെട്ട പൊലീസുകാരോട് ഹോം ക്വാറന്റയ്നിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകി. അതിർത്തിയിൽ ഇദ്ദേഹത്തെ പരിചരിച്ച സ്റ്റാഫ് നഴ്സുമാരും ഐസോലേഷനിലാണ്. 14 ദിവസം നിരീക്ഷണത്തിൽ തുടരവെ ലക്ഷണം കണ്ടാൽ സ്രവപരിശോധന നടത്തും. നിരീക്ഷണത്തിന് ശേഷം ലക്ഷണമില്ലെങ്കിലും പരിശോധന നിർബന്ധമാണ്.
അന്നേദിവസം പാസ് ഇല്ലാതെ എത്തുകയും പിന്നീട് സ്വന്തം ജില്ലകളിലേക്ക് മടങ്ങി പോവുകയും ചെയ്ത 139 പേർ, അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥർ, മാദ്ധ്യമ പ്രവർത്തകർ, പൊതുപ്രവർത്തകർ എന്നിവർ ലോ റിസ്‌കിൽ ഉൾപ്പെടും. മറ്റ് ജില്ലയിൽ നിന്നുള്ളവരുടെ ലിസ്റ്റ് അതത് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് കൈമാറി.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ 5759 പേർ നിരീക്ഷണത്തിൽ. 5723 പേർ വീടുകളിലും 31 പേർ ജില്ലാശുപത്രിയിലും നാലുപേർ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഒരാൾ മണ്ണാർക്കാട് താലൂക്കാശുപത്രിയിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. പ്രവാസികളും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തിൽ വർദ്ധനവുണ്ടായത്.

പരിശോധനയ്ക്കായി ഇതുവരെ അയച്ച 3605 സാമ്പിളുകളിൽ 3273 നെഗറ്റീവും 17 എണ്ണം പോസിറ്റീവുമാണ്. ആകെ 37,​770 ആളുകളാണ് ഇതുവരെ നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇതിൽ 32,​011 പേരുടെ നിരീക്ഷണ കാലാവധി പൂർത്തിയായി.

  1. ഭക്ഷണം കഴിക്കുന്നതിന് പോലും മുറിയിൽ നിന്ന് പുറത്തിറങ്ങരുത്.
  2. ആഹാര ശേഷം ഉപയോഗിച്ച പാത്രങ്ങൾ സ്വയം കഴുകി സൂക്ഷിക്കണം.
  3. ക്വാറന്റൈനിലുളളവരുടെ ലഗേജ് ഉൾപ്പെടെ എല്ലാ വസ്തുക്കളും ആ വ്യക്തി തന്നെ കൈകാര്യം ചെയ്യണം.
  4. മൂക്കും വായും എപ്പോഴും മാസ്‌കുപയോഗിച്ച് മറയ്ക്കണം
  5. ഒരു കാരണവശാലും ക്വാറന്റൈനിലുളള വ്യക്തി രണ്ടു മീറ്ററിനുളളിൽ വെച്ച് മറ്റൊരാളുമായി സമ്പർക്കത്തിലേർപ്പെടരുത്.
  6. ആരോഗ്യവകുപ്പ് അധികൃതരുടെ ഫോൺ കോളുകൾക്ക് കൃത്യമായ മറുപടി നൽകണം.
  7. ചെറിയ രീതിയിലുളള രോഗ ലക്ഷണമുണ്ടെങ്കിൽ തന്നെ ഡോക്ടറുമായി ഫോണിൽ ബന്ധപ്പെടണം.
  8. ഒരു കാരണവശാലും ആരോഗ്യ വകുപ്പ് അധികൃതരുടെ അനുമതി കൂടാതെ വീടിന് പുറത്തുപോകരുത്.

  1. യാതൊരു കാരണവശാലും വീട് വിട്ട് പുറത്ത് പോകരുത്.
  2. ഇവർ മറ്റ് കുടുബാംഗങ്ങളെ പരിചരിക്കരുത്.
  3. ക്വാറന്റൈനിലുളള വ്യക്തിയുടെ മുറിയിൽ അത്യാവശ്യഘട്ടങ്ങളിൽ മാത്രമേ പ്രവേശിക്കാവൂ.
  4. മുറിയിൽ കയറേണ്ടിവരുന്ന സന്ദർഭത്തിൽ സർജിക്കൽ മാസ്‌കും ഗ്ലൗസും ധരിക്കണം.
  5. മാസ്‌കും ഗ്ലൗസും വീണ്ടും ഉപയോഗിക്കരുത്.
  6. പരിചരണ ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകണം.
  7. മുറിയിലെ പിടികൾ, ഫർണിച്ചർ, സ്വിച്ചുകൾ മുതലായ പ്രതലങ്ങളിൽ സ്പർശിക്കരുത്.
  8. രോഗലക്ഷണമുണ്ടോയെന്ന് സ്വയം നിരീക്ഷിക്കണം.
  9. രോഗലക്ഷണമുണ്ടായാലുടൻ ആരോഗ്യ പ്രവർത്തകരെ അറിയിക്കണം.