പാലക്കാട്: വേനൽക്കാലത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമം പ്രതിരോധിക്കാനായി ഹരിത മിഷൻ തയ്യാറാക്കിയ 'ജലസുരക്ഷാ" പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നിലവിൽ 74 കുളങ്ങൾ നവീകരിച്ചു. വരും വേനലുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനാണ് പദ്ധതി നടപ്പാക്കുന്നത്.
ജില്ലയിലെ 88 പഞ്ചായത്തുകളിലും ഏഴ് നഗരസഭകളിലുമായി 95 സ്ഥലങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. മൈനർ ഇറിഗേഷൻ വകുപ്പിൻ കീഴിൽ 79 കുളങ്ങൾ നവീകരിക്കേണ്ടതിൽ 53 എണ്ണം പൂർത്തീകരിച്ചു. മണ്ണ് സംരക്ഷണ വകുപ്പിന് കീഴിലുള്ള 21 കുളങ്ങളിൽ മുഴുവനും നവീകരിച്ചു. കൂടാതെ തൊഴിലുറപ്പ് പദ്ധതിപ്രകാരം 123 കുളങ്ങൾ പുതുതായി കുഴിക്കാൻ ലക്ഷ്യമിട്ടതിൽ 12 എണ്ണം പൂർത്തീകരിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് നിറുത്തിവച്ച പ്രവർത്തനങ്ങളെല്ലാം അന്തിമ ഘട്ടത്തിലാണ്.
ഓരോ പഞ്ചായത്തിലും ജല ലഭ്യതയ്ക്കനുസരിച്ചുള്ള കർമ്മ പദ്ധതികൾക്ക് പ്രാധാന്യം നൽകും. കൂടാതെ ഓരോ പഞ്ചായത്തിലും വരൾച്ച അനുഭവപ്പെടുന്നതും ജലം ലഭിക്കുന്നതുമായ മേഖല വേർതിരിച്ച് വിനിയോഗം, സംഭരണം എന്നീ മാനദണ്ഡങ്ങൾ കണക്കാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്.
ഓരോ പഞ്ചായത്തിലെയും മൂന്ന് കുളങ്ങൾ പുനരുജ്ജീവിപ്പിക്കും
ഹരിത മിഷന്റെ നേതൃത്വത്തിൽ നിലവിൽ ജില്ലയിൽ 206 കിലോമീറ്റർ നീർച്ചാലുകൾ പുനരുജ്ജീവിപ്പിച്ചു. 3,000 കിലോമീറ്റർ നീർച്ചാലുകൾ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യം. ഓരോ പഞ്ചായത്തിലെയും നീർച്ചാലുകളിൽ മൂന്നുവീതം താത്കാലിക തടയണ നിർമ്മിക്കും. ഓരോ പഞ്ചായത്തിലെയും മൂന്നുവീതം കുളം പുനരുജ്ജീവിപ്പിക്കും. പൊതുകിണറുകൾ ശുചീകരിച്ച് മഴവെള്ള റീ ചാർജ്ജിംഗ് നടത്തും.
-വൈ.കല്യാണകൃഷ്ണൻ, ജില്ലാ കോഡിനേറ്റർ, ഹരിത മിഷൻ.