പാലക്കാട്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജൂൺ മുതൽ സെപ്തംബർ വരെ ജില്ലയിൽ പത്തുലക്ഷം തൈകൾ ഉല്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. ആറ് ലക്ഷം വൃക്ഷത്തൈകൾ നട്ടുവളർത്തുന്നതിനുള്ള നഴ്സറികൾ ജില്ലാ പഞ്ചായത്ത്, ജയിൽ വകുപ്പ്, ദേശീയ തൊഴിലുറപ്പ് പദ്ധതി മിഷൻ, മലമ്പുഴ ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകൾ, കൃഷിവകുപ്പ് എന്നിവയുടെ നേത്യത്വത്തിൽ സംയുക്തമായി ഉത്പാദിപ്പിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.
ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തും ഹരിതകേരളം മിഷനും രൂപപ്പെടുത്തിയ പച്ചത്തുരുത്ത് പ്രൊജക്ടിലൂടെയാണ് ജയിൽ വകുപ്പിന്റെ സഹകരണത്തോടെ ആറുലക്ഷം വൃക്ഷത്തൈ ഉൽപാദിപ്പിക്കുന്ന നഴ്സറി തയ്യാറാക്കുന്നത്. മികച്ച ഗുണനിലവാരമുള്ള തൈകൾ ഉല്പാദിപ്പിക്കാനും അവയുടെ അതിജീവനം ഉറപ്പു വരുത്താനും ആവശ്യമായ സാങ്കേതിക സഹായം കൃഷി വകുപ്പ് നൽകും.
ജില്ലയിൽ മുഴുവനായി നടേണ്ട പത്തുലക്ഷം വൃക്ഷത്തൈകളിൽ 2.5 ലക്ഷം തൈകൾ 61 പഞ്ചായത്തുകളിലായി 66 നേഴ്സറികൾ രൂപീകരിച്ച് തൊഴിലുറപ്പ് പദ്ധതി പ്രകാരം ഉല്പാദിപ്പിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള കൃഷിവകുപ്പിന്റെ ഒമ്പത് ഫാമുകളിൽ ദേശീയ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് വൃക്ഷത്തൈകളും നഴ്സറികളും പരിപാലിക്കും. വി.എഫ്.പി.സി.കെ മുഖേന 75,000 മുളപ്പിച്ച തൈകൾ ലഭ്യമാക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ഹരിത മിഷൻ ഇടപെട്ട് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും തൈകൾ ലഭ്യമാക്കും.
കൊവിഡിന്റെ പശ്ചാത്തലത്തിൽ പദ്ധതിക്ക് കരുത്തേകുന്നതിനായി ബഹുജന- സന്നദ്ധ സംഘടനകളുടെയും പ്രകൃതി സ്‌നേഹികളുടെയും കൂട്ടായ്മ ഉറപ്പുവരുത്തി വ്യാപകമായ വിത്ത് ശേഖരണം സംഘടിപ്പിക്കും.