walayar

പാലക്കാട്: വാളയാർ അതിർത്തിയിൽ അന്യസംസ്ഥാനത്തു നിന്നുള്ള മലയാളികൾക്ക് പ്രവേശനം നിഷേധിച്ചെന്നാരോപിച്ച് സമരം നടത്തിയ എം.പിമാരായ വി.കെ.ശ്രീകണ്ഠൻ, ടി.എൻ.പ്രതാപൻ, രമ്യ ഹരിദാസ്, എം.എൽ.എമാരായ ഷാഫി പറമ്പിൽ, അനിൽ അക്കര എന്നിവർ 14 ദിവസം ഹോം ക്വാറന്റൈനിൽ കഴിയാൻ ആരോഗ്യവകുപ്പിന്റെ നിർദേശം.

ചെന്നൈയിൽ നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുമായി സമ്പർക്ക സാദ്ധ്യത കണക്കിലെടുത്താണ് പാലക്കാട് ഡി.എം.ഒയുടെ നേതൃത്വത്തിൽ ചേർന്ന മെഡിക്കൽ ബോർഡ് ഇക്കാര്യം നിർദ്ദേശിച്ചത്.

ആരോഗ്യ പ്രവർത്തകർ, പൊലീസുകാർ, മാദ്ധ്യമ പ്രവർത്തകർ ഉൾപ്പെടെ സ്ഥലത്തുണ്ടായിരുന്ന 400 പേരും 14 ദിവസം നിരീക്ഷണത്തിൽ കഴിയണം. അഞ്ച് ഡിവൈ.എസ്.പിമാർ, കോയമ്പത്തൂർ ആർ.ഡി.ഒ തുടങ്ങിയവരും 100 പൊലീസുകാരും 50 മാദ്ധ്യമ പ്രവർത്തകരും ഇതിൽപ്പെടുന്നു.

മേയ് ഒമ്പതിന് രാവിലെ പത്തിനാണ് മലപ്പുറം സ്വദേശിയടക്കം ഒമ്പതുപേ‌ർ സ്വകാര്യ വാഹനത്തിൽ പാസില്ലാതെ വാളയാറിലെത്തിയത്. രാത്രി പത്തുവരെ അതിർത്തിയിൽ കാത്തുനിന്നു. ഛർദ്ദിച്ച് അവശനായതിനെ തുടർന്ന് മലപ്പുറം സ്വദേശിയെ പത്തരയോടെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിലെത്തിച്ച് സ്രവം പരിശോധനയ്ക്കെടുത്തു. 12ന് കൊവിഡ് സ്ഥിരീകരിച്ചു. ഒമ്പതിന് വൈകിട്ടാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സമരം നടന്നത്.

നിരീക്ഷണത്തിൽ പോകേണ്ടെന്ന് തൃശൂർ മെഡിക്കൽ ബോർഡ്

അതേസമയം ടി.എൻ. പ്രതാപൻ എം.പിയും അനിൽ അക്കര എം.എൽ.എയും നിരീക്ഷണത്തിൽ പോകേണ്ടതില്ലെന്ന് ഇന്നലെ വൈകിട്ട് ചേർന്ന തൃശൂർ മെഡിക്കൽ ബോർഡ് അറിയിച്ചു. പാലക്കാട് ഡി.എം.ഒയുടെ റിപ്പോർട്ട് പ്രകാരം ടി.എൻ. പ്രതാപൻ എം.പിയും അനിൽ അക്കര എം.എൽ.എയും രോഗസാദ്ധ്യത കുറഞ്ഞ പ്രാഥമിക സമ്പർക്ക പട്ടികയിലാണുള്ളത്.അതിനാൽ ഇവർ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയാകുമെന്നും ബോർഡ് പറയുന്നു. ക്വാറന്റൈനിൽ കഴിയുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നത് വ്യക്തികൾ താമസിക്കുന്ന ജില്ലകളിലെ മെഡിക്കൽ ബോർഡാണ്. മന്ത്രി എ.സി. മൊയ്തീനും ചീഫ് വിപ്പ് കെ. രാജനും ജില്ലയിലെ ചില എം.എൽ.എമാരും ടി.എൻ. പ്രതാപനും അനിൽ അക്കരയ്ക്കും ഒപ്പം യോഗത്തിൽ പങ്കെടുത്തിരുന്നു.