covid
കൊവിഡ്

സമ്പർക്കമുള്ള ഡോക്ടർമാർക്കും നഴ്സുമാർക്കും ക്വാറന്റൈൻ

പാലക്കാട്: കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച മുതലമട സ്വദേശി ചികിത്സ തേടിയ ചുള്ളിയാർമേട് പ്രാഥമികാരോഗ്യ കേന്ദ്രം രണ്ട് ദിവസത്തേക്ക് അടച്ചിടും. കേന്ദ്രം അണുമുക്തമാക്കും. ഇവിടുത്തെ ജീവനക്കാർക്ക് ക്വാറന്റൈൻ നിർദേശം നൽകി. ഡോക്ടറുടെയും സ്റ്റാഫ് നഴ്സുമാരുടെയും സ്രവം പരിശോധിക്കും.

രോഗബാധിതൻ ഏഴ്, ഒമ്പത്, 11 തിയതികളിൽ ആശുപത്രിയിൽ എത്തിയിരുന്നെങ്കിലും ഡോക്ടർക്ക് കൃത്യമായ വിവരം നൽകിയിരുന്നില്ല. തൊഴിൽ,​ സ്വദേശം, കുടുംബം സംബന്ധിച്ച് പറഞ്ഞ കാര്യങ്ങളിൽ അവ്യക്തതയുണ്ട്. ഇയാൾക്ക് ഐ.വി ട്രിപ്പും ഇഞ്ചക്ഷനും നൽകിയിരുന്നു. 11ന് നേരിയ ശ്വാസംമുട്ടൽ വന്നപ്പോളാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. കുറച്ച് ദിവസം മുതലമട ആശുപത്രിയിൽ ചികിത്സ തേടുകയും അടുത്തുള്ള സമൂഹ അടുക്കളയിൽ നിന്ന് ഭക്ഷണം വാങ്ങി വന്ന് ആശുപത്രിയിൽ തന്നെ ചിലവഴിക്കുകയും ചെയ്തിരുന്നു.

ഒമ്പതിന് വെള്ളാരംകടവ് ബാബുപതി കോളനിയിലെ വൃദ്ധദമ്പതികളെ മാറ്റി പാർപ്പിക്കുന്നതിന് മുന്നോടിയായി ആശുപത്രിയിൽ കൊണ്ടുവന്നിരുന്നു. ഈ സമയം രോഗബാധിതൻ ഒ.പി.യിൽ ഉണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ ജനപ്രതിനിധികൾ ദമ്പതികളെ മാറ്റി പാർപ്പിക്കുന്നതിന് കൂടെയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവർക്കും ക്വാറന്റൈൻ നിർദേശിച്ചിട്ടുണ്ട്. 11ന് നഴ്സുമാരെ ആദരിക്കുന്നതിനായി സന്നദ്ധ പ്രവർത്തകനായ ഒരു സന്യാസി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പരിപാടിയിലും രോഗബാധിതൻ സംബന്ധിച്ചു.

ഇടക്കിടെ മാനസികാസ്വസ്ഥ്യം പ്രകടപ്പിക്കുന്ന ഇയാൾ നാലുവർഷം മുന്നേ ഇവിടം വിട്ട് പൊള്ളാച്ചിക്ക് പോയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്. കുറച്ച് ദിവസം മുമ്പ് നാട്ടിലെത്തി കാമ്പ്രത്ത് ചള്ളയിലുള്ള മാംഗോ ഗോഡൗണിൽ രാത്രി കിടക്കാറുണ്ട്. ഇയാൾ വീടുകൾ കയറി സഹായം അഭ്യർത്ഥിച്ചിരുന്നു. ഊമയായ ഒരു യുവാവും ഇയാളോടൊപ്പം ഉണ്ടാവാറുണ്ട്. ഇയാളുടെ സാമ്പിളും പരിശോധിക്കും. വിവരങ്ങൾ വ്യക്തമായി കിട്ടാത്തതിനാൽ റൂട്ട് മാപ്പ് തയ്യാറാക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന് ഡി.എം.ഒ അറിയിച്ചു.

നാല് പ്രവാസികൾ കൂടി മടങ്ങിയെത്തി

ജിദ്ദയിൽ നിന്ന് നെടുമ്പാശേരി വഴി 14ന് നാല് പ്രവാസികൾ കൂടി ജില്ലയിൽ മടങ്ങിയെത്തി. ഇവരിൽ മൂന്നുപേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ഒരാൾ കാസർകോടാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ജില്ലയിലെ കൊവിഡ് സെന്ററുകളിൽ പുതുതായി ആരെയും നിരീക്ഷണത്തിലാക്കിയിട്ടില്ല.

നിലവിൽ 96 പ്രവാസികളാണ് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിലുള്ളത്. ചിറ്റൂർ കരുണ മെഡിക്കൽ കോളേജിൽ 24 പേരും എലപ്പുള്ളി അഹല്യ ഹെറിറ്റേജിൽ 19 പേരും ചെർപ്പുളശേരി ശങ്കർ ആശുപത്രിയിൽ 29 പേരും പാലക്കാട് ഹോട്ടൽ ഇന്ദ്രപ്രസ്ഥയിൽ പത്തുപേരും പാലക്കാട് ഗവ.മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ 14 പേരും നിരീക്ഷണത്തിലാണ്.

വാളയാർ വഴി 928 പേരെത്തി

വാളയാർ വഴി ഇന്നലെ ഉച്ചവരെ 928 പേർ കേരളത്തിലെത്തി. 501 പുരുഷന്മാരും 251 സ്ത്രീകളും 76 കുട്ടികളും ഉൾപ്പെടെ 269 വാഹനങ്ങളിലാണ് എത്തിയത്. 201 കാറുകൾ, 49 ഇരുചക്രവാഹനങ്ങൾ, 13 ട്രാവലറുകൾ, മൂന്ന് വീതം മിനിബസുകൾ, ഓട്ടോകൾ എന്നിവയാണ് ഇവരെത്തിയത്.

അറസ്റ്റ് ചെയ്തു

ലോക്ക് ഡൗണിനെ തുടർന്ന് ഇന്നലെ ജില്ലയിൽ പൊലീസ് നടത്തിയ പരിശോധനയിൽ മൂന്ന് കേസുകളിലായി നാലുപേർ അറസ്റ്റിലായി. ഒരു വാഹനവും പിടിച്ചെടുത്തു. 14ന് നടത്തിയ പരിശോധനയിൽ 58 കേസുകളിലായി 72 പേരെ അറസ്റ്റ് ചെയ്തു. 39 വാഹനങ്ങളും പിടിച്ചെടുത്തു.
മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 178 പേർക്കെതിരെ കേസെടുത്തു.