toddy
കള്ള്

പാലക്കാട്: ലോക്ക് ഡൗൺ ഇളവിനെ തുടർന്ന് ഷാപ്പുകൾ തുറന്നെങ്കിലും കള്ളുല്പാദനം പൂർണ്ണ തോതിൽ എത്താത്തതിനാൽ ക്ഷാമം രൂക്ഷം. ഇതര ജില്ലകളിലേക്ക് പാലക്കാട് നിന്ന് പോകുന്ന കള്ളുവാഹനങ്ങളുടെ എണ്ണവും ഇതോടെ വൻതോതിൽ കുറഞ്ഞു.

ഷാപ്പുകൾ തുറക്കുന്നതിന് മുന്നോടിയായി ജില്ലയിലെ തോപ്പുകളിൽ രണ്ടാഴ്ച മുമ്പാണ് ചെത്ത് ആരംഭിച്ചത്. കുല തല്ലി ചെത്ത് തുടങ്ങി ഒരു മാസമെങ്കിലും വേണം കള്ള് പൂർണമായ രീതിയിൽ കിട്ടാൻ. ജൂൺ ആദ്യത്തോടെ മാത്രമേ ഉല്പാദനം പഴയപടിയാകൂ.

ജില്ലയിൽ 809 ഷാപ്പുകളാണുള്ളത്. 75% മാത്രമാണ് തുറന്നത്. നടപടി പൂർത്തിയാക്കാത്തതിനാൽ 140 ഷാപ്പുകൾക്ക് ലൈസൻസ് ലഭിച്ചിട്ടില്ല. നിലവിൽ പ്രവർത്തിക്കുന്ന ഷാപ്പുകൾക്ക് തന്നെ ആവശ്യമായ കള്ള് ലഭ്യമല്ല.

ലോക്ക് ഡൗണിന് മുമ്പ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 125 മുതൽ 150 വാഹനങ്ങൾ വരെ പോയിരുന്ന സ്ഥാനത്ത് വ്യാഴാഴ്ച 41 എണ്ണമാണ് പോയത്. ബുധനാഴ്ച 20 എണ്ണവും. തിരുവനന്തപുരവും കണ്ണൂരുമൊഴികെ 11 ജില്ലകളിലേക്കും പാലക്കാട് നിന്ന് കള്ളെത്തിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം തെക്കൻ ജില്ലകളിലേക്ക് 33,000, മലബാർ മേഖലയിലേക്ക് 10,000 ലിറ്റർ കള്ളാണ് കൊണ്ടുപോയത്. ആവശ്യമുള്ളതിന്റെ 30% മാത്രമേ ഉല്പാദനം നടക്കുന്നുള്ളൂ. സാധാരണ തെക്കൻ ജില്ലകളിലേക്ക് 1.60 ലക്ഷം ലിറ്ററും മലബാർ മേഖലയിൽ 92,000 ലിറ്ററുമാണ് പോകുന്നത്. 100 മുതൽ 150 ലിറ്റർ വരെ വില്പന നടത്തിയിരുന്ന ഷാപ്പുകളിൽ ഇപ്പോൾ എത്തുന്നത് 30 മുതൽ 50 വരെ ലിറ്റർ മാത്രമാണ്.
-എക്‌സൈസ് ഡിവിഷൻ ഓഫീസ്, പാലക്കാട്.

ദിനംപ്രതി ഷാപ്പിന് മുന്നിൽ വരി നിൽക്കുന്ന ആവശ്യക്കാരുടെ എണ്ണം കൂടുന്നു. തുറന്ന് രണ്ട് മണിക്കൂറിനുള്ളിൽ കള്ള് തീരും. ക്ഷാമം പരിഹരിക്കാൻ ചിറ്റൂർ മേഖലയിൽ ഉൾപ്പെടെ നാട്ടിലേക്കുപോയ തൊഴിലാളികളെല്ലാം തിരിച്ചെത്തി തോപ്പുകളിൽ ചെത്ത് സജീവമാകണം.
-കെ.കെ.ഭഗീരഥൻ, ജില്ലാ സെക്രട്ടറി, കള്ള് ഷാപ്പ് ലൈസൻസ് അസോസിയേഷൻ.