പാലക്കാട്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ 6269 നിരീക്ഷണത്തിൽ തുടരുന്നു. 6236 പേർ വീടുകളിലും 28 പേർ ജില്ലാ ആശുപത്രിയിലും മൂന്നുപേർ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും രണ്ടുപേർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലുമാണുള്ളത്. ഇന്നലെ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

രണ്ട് ശ്രീകൃഷ്ണപുരം സ്വദേശികളും രണ്ട് കടമ്പഴിപ്പുറം സ്വദേശികളും ഒരു മുതലമട സ്വദേശിയും, ഒരു മലപ്പുറം സ്വദേശിയും ഉൾപ്പെടെ രോഗം സ്ഥിരീകരിച്ച് ജില്ലാശുപത്രിയിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച ദമാമിൽ നിന്നെത്തിയ ആലത്തൂർ സ്വദേശി കളമശേരി മെഡിക്കൽ കോളെജ് ആശുപത്രിയിലാണുള്ളത്. പ്രവാസികളും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും ഉൾപ്പെടെയാണ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വർദ്ധിച്ചത്.

പരിശോധനയ്ക്കായി ഇതുവരെ അയച്ച 3,​851 സാമ്പിളുകളിൽ 3,​394 നെഗറ്റീവും 19 എണ്ണം പോസിറ്റീവുമാണ്. ആകെ 38,​349 ആളുകളാണ് ഇതുവരെ നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇതിൽ 32,​053 പേരുടെ നിരീക്ഷണ കാലാവധി പൂർത്തിയായി. 6,​932 ഫോൺ കോളുകളാണ് ഇതുവരെ കൺട്രോൾ റൂമിലേക്ക് വന്നിട്ടുള്ളത്. 24X7 കോൾ സെന്റർ നമ്പർ 0491 2505264, 2505189, 2505847

  1. 14 ദിവസം നിർബന്ധമായും നിരീക്ഷണത്തിൽ കഴിയണം.
  2. വീട്ടിലുള്ളവരോ സന്ദർശകരോ യാതൊരു ഇടപഴകലും പാടില്ല.
  3. വായുസഞ്ചാരമുള്ള ബാത്ത് അറ്റാച്ച്ഡ് മുറിയിൽ കഴിയണം.
  4. നിർബന്ധമായും മാസ്‌ക് ധരിക്കണം.
  5. ഒരു മാസ്‌ക് ആറുമണിക്കൂർ മാത്രം ഉപയോഗിക്കുക.
  6. മാസ്‌ക് ബ്ലീച്ചിംഗ് ലായനി കൊണ്ട് അണുവിമുക്തമാക്കി വെയിലത്ത് ഉണക്കി ഉപയോഗിക്കുക.
  7. കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുക.
  8. നിരീക്ഷണത്തിലുള്ളവർ ഉപയോഗിക്കുന്ന മൊബൈൽ,​ പാത്രം,​ വസ്ത്രം തുടങ്ങിയവ മറ്റാരുമായും പങ്കു വെക്കരുത്.
  9. തോർത്ത്, വസ്ത്രങ്ങൾ, പത്രം, മാസിക, പാത്രങ്ങൾ മുതലായവ ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് സ്വയം വൃത്തിയാക്കുക.
  10. പുറത്തേക്ക് തുപ്പരുത്.
  11. ഭക്ഷണം നൽകാനും മറ്റു സഹായങ്ങൾക്കും 60ന് മുകളിൽ പ്രായമുള്ളവർ, കുട്ടികൾ എന്നിവർ പോകരുത്.
  12. നന്നായി വിശ്രമിക്കുക. ധാരാളം വെള്ളം കുടിക്കുക. പോഷകസമൃദ്ധമായ ആഹാരം കഴിക്കുക.

  1. വ്യക്തിശുചിത്വം പാലിച്ചേ കുട്ടികളുമായി സമ്പർക്കത്തിൽ ഏർപ്പെടാവൂ.
  2. ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കുക
  3. ആശുപത്രിയിൽ മാസ്‌ക് ധാരണം, ശാരീരിക അകലം, കുട്ടികളെ മറ്റുള്ളവരിലേക്ക് കൈമാറാതിരിക്കൽ തുടങ്ങിയവ പാലിക്കുക
  4. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ കുട്ടികളുമായുള്ള സമ്പർക്കം ഒഴിവാക്കണം.
  5. മുലപ്പാൽ കൊടുക്കുന്നതിനു മുമ്പ് അമ്മ കൈയും സ്തനങ്ങളും കഴുകി വൃത്തിയാക്കണം.
  6. കുട്ടിയെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കേണ്ട അവസ്ഥയിൽ അമ്മമാർ ദേഹശുദ്ധി വരുത്തി മുലപ്പാൽ പിഴിഞ്ഞ് നൽകണം.
  7. നിരീക്ഷണത്തിലുള്ള അമ്മ കൈയും സ്തനങ്ങളും നന്നായി സോപ്പുപയോഗിച്ച് കഴുകി മാസ്‌ക് ധരിച്ച് മുലപ്പാൽ നൽകാം.