പാലക്കാട്: സ്‌കൂൾ പ്രവേശനം നാളെ മുതൽ ആരംഭിക്കാൻ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. സ്‌കൂളുകളിൽ നേരിട്ട് എത്തിയോ ഓൺലൈൻവഴിയോ പ്രവേശനം നേടാം. വിദ്യാർത്ഥികൾക്ക് സ്ഥാനക്കയറ്റം ലഭിച്ച ശേഷം ടി.സി വാങ്ങി പുതിയ സ്‌കൂളിൽ ചേരാം. സ്ഥാനക്കയറ്റ പട്ടിക 20ന് പ്രഖ്യാപിക്കും.
ഒന്നാം ക്ലാസിൽ പ്രവേശനം നേടാൻ നേരിട്ട് സ്കൂളിലെത്തുകയാണെങ്കിൽ വിദ്യാർത്ഥിയോടൊപ്പം ഒരു രക്ഷിതാവ് മാത്രമേ പോകാവൂ. അല്ലെങ്കിൽ സ്‌കൂൾ ഫോൺ നമ്പറിൽ വിളിച്ചോ അതത് സ്‌കൂളുകളുടെ വെബ്‌സൈറ്റ് വഴിയോ പ്രവേശനം നേടാം. ഒരു ദിവസം എത്ര കുട്ടികൾക്ക് പ്രവേശനം നൽകാം തുടങ്ങിയ കാര്യങ്ങളിൽ അതത് സ്‌കൂളിലെ പ്രധാനാദ്ധ്യാപകർ തീരുമാനമെടുക്കും. കൊവിഡ് നിയന്ത്രണ ചട്ടങ്ങൾ പാലിച്ചാണ് പ്രവേശനം.
തിരക്കും നിർദേശം പാലിക്കാതിരിക്കുകയും ചെയ്താൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്കൂളുകളിൽ പരിശോധന നടത്തും.
കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ സ്കൂൾ പ്രവേശനം പരമാവധി ഓൺലൈനായി നേടാൻ രക്ഷിതാക്കൾ ശ്രമിക്കണം.
ജില്ലയിൽ സർക്കാർ, എയ്ഡഡ് മേഖലയിൽ 1027 സ്‌കൂളുകളാണുള്ളത്. നിരവധി അപേക്ഷ ഒരു ദിവസം ലഭിച്ചാലും നിലവിലെ സാഹചര്യത്തിൽ ഉടനടി പ്രവേശനം ലഭിക്കണമെന്നില്ല. ക്രമ നമ്പർ നിശ്ചയിച്ച് വരും ദിവസങ്ങളിൽ പ്രവേശന നടപടി പുരോഗമിക്കും.
-പി.കൃഷ്ണൻ, ഡി.ഡി.ഇ.