rail
റെയിൽവേ ട്രാക്ക്

പാലക്കാട്: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ റെയിൽവേ ട്രാക്കിലൂടെയുള്ള അനധികൃത യാത്ര കണ്ടെത്തുന്നതിനായി ആർ.പി.എഫ് പരിശോധന ശക്തമാക്കി. ഷൊർണൂരിൽ ഒമ്പതിന് നടന്ന പരിശോധനയിൽ ട്രാക്കിലൂടെ പോകുകയായിരുന്ന ഏഴ് അന്യസംസ്ഥാന തൊഴിലാളികളെ കണ്ടെത്തി ആരോഗ്യ വകുപ്പ് അധികൃതർക്ക് കൈമാറി.

തിരൂർ റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുകയായിരുന്ന അന്യ സംസ്ഥാന തൊഴിലാളികളെ വ്യാഴാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന കീമാൻ കാണുകയും ആർ.പി.എഫിനെ വിവരം അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ സബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ ട്രാക്ക് പട്രോളിംഗിൽ തൊഴിലാളികൾ യാത്ര ചെയ്യുന്നത് കണ്ടെത്തി. കുറ്റിപ്പുറം ചെമ്പിക്കലിൽ താമസിക്കുകയായിരുന്ന ബീഹാർ സ്വദേശികളെയാണ് കണ്ടെത്തിയത്. തിരൂരിൽ നിന്ന് ബീഹാറിലേക്ക് വെള്ളിയാഴ്ച സ്‌പെഷ്യൽ ട്രെയിൻ ഉണ്ടെന്ന വ്യാജസന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ സ്‌റ്റേഷനിലേക്ക് പുറപ്പെട്ടത്. ട്രാക്കിലൂടെ സഞ്ചരിക്കരുതെന്നും ട്രെയിൻ സംബന്ധിച്ച വിവരങ്ങൾക്ക് കുറ്റിപ്പുറം പൊലീസിനെ ബന്ധപ്പെടണമെന്നും പറഞ്ഞ് സംഘത്തെ ആർ.പി.എഫ്. തിരിച്ചയച്ചു.

ഔറംഗാബാദിന് സമീപം നാട്ടിലേക്ക് മടങ്ങുകയായിരുന്ന 16 കുടിയേറ്റ തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് റെയിൽവേ പരിശോധന കർശനമാക്കിയത്. നിലവിൽ യാത്രാ ട്രെയിനുകൾ സർവീസ് നടത്തുന്നില്ലെങ്കിലും ഗുഡ്സ്, പാർസൽ ട്രെയിനുകൾ ഓടുന്നുണ്ട്.

പാലക്കാട് ഡിവിഷനിൽ മാത്രം 25 ഗുഡ്സ് ട്രെയിനുകളാണ് ദിനംപ്രതി ഓടുന്നത്. അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ടുപോകുന്നതിന് ശ്രമിക് സ്പെഷൽ ട്രെയിനുകളും സർവീസ് നടത്തുന്നുണ്ട്.

റെയിൽവേ നിയമത്തിലെ സെക്ഷൻ 147 പ്രകാരം ട്രാക്ക് ഉൾപ്പെടെയുള്ള റെയിൽവേ പരിസരങ്ങളിലേക്ക് അനധികൃതമായി കടക്കുന്നത് ആറുമാസം തടവോ 1000 രൂപ പിഴയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരത്തിൽ ആരെയെങ്കിലും കണ്ടാൽ പൊതുജനങ്ങൾ ഉടൻ അടുത്തുള്ള റെയിൽവേ സ്റ്റേഷനിലോ റെയിൽവേ ഗേറ്റിലോ വിവരമറിയിക്കണം.

-ആർ.പി.എഫ് അധികൃതർ