പാലക്കാട്: അന്യസംസ്ഥാനങ്ങളിൽ നിന്ന് വാളയാർ വഴി കഴിഞ്ഞ 12 ദിവസത്തിനിടെ കേരളത്തിലേക്ക് എത്തിയത് 26,879 പേർ. 9341 വാഹനങ്ങളിലായി 17,355 പുരുഷന്മാരും 6767 സ്ത്രീകളും 2751 കുട്ടികളും സംസ്ഥാനത്തെത്തി. പാസുമായി മേയ് നാലുമുതൽ അതിർത്തി കടന്നവരുടെ കണക്കാണിത്.
തമിഴ്നാട്, കർണാടക, ആന്ധ്ര, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ ആളുകളുമെത്തിയത്. റെഡ്‌സോൺ മേഖലകളിൽ നിന്നെത്തുന്നവരെ ജില്ലയിലെ വിവിധ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചു. വാളയാർ വഴി ജില്ലയിലെത്തിയ ആറുപേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്നെത്തിയ ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം, മുതലമട, മലപ്പുറം സ്വദേശികൾക്കാണ് രോഗം ബാധിച്ചത്. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
പാസുമായി അതിർത്തി കടക്കാൻ ആദ്യദിവസങ്ങളിൽ വലിയ തിരക്കനുഭവപ്പെട്ടെങ്കിലും പിന്നീട് കുറഞ്ഞു. മുവായിരത്തോളം പേർ പ്രതിദിനം ഇതുവഴി കടന്നുപോയി. പാസില്ലാതെ ആദ്യദിനങ്ങളിൽ നിരവധി പേരെത്തി. എട്ട്, ഒമ്പത്, പത്ത് തീയ്യതികളിൽ കൂടുതൽ പേർ പാസില്ലാതെ എത്തിയതോടെ പൊലീസ് തടഞ്ഞത് വിവാദമായി. കോടതി നിർദേശത്തെ തുടർന്നാണ് ഇവരെ പിന്നീട് അതിർത്തി കടത്തിയത്.
പാസില്ലാത്തവരെ അതിർത്തി കടത്തില്ലെന്ന നിലപാട് സംസ്ഥാനം കടുപ്പിച്ചതോടെ ഇത്തരത്തിൽ വരുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. പാസില്ലാതെ കേരളത്തിൽ നിന്ന് അന്യസംസ്ഥാനങ്ങളിലേക്ക് പോകാൻ തമിഴ്നാട് പൊലീസും അനുമതി നൽകുന്നില്ല.
പാസുകൾ വേഗത്തിൽ പരിശോധിച്ച് ആളുകളെ കടത്തിവിടുന്നതിന് വാണിജ്യനികുതി വകുപ്പിന്റെ കെട്ടിടത്തിൽ 24 കൗണ്ടറുകൾ തുടങ്ങിയിട്ടുണ്ട്. കർശന പരിശോധനയ്ക്ക് ശേഷമാണ് ആളുകളെ കടത്തിവിടുന്നത്. നാളെ മുതൽ കൂടുതൽ ഇളവ് പ്രതീക്ഷിക്കുന്ന നാലാം ലോക്ക് ഡൗൺ കാലയളവിൽ കൂടുതൽ ആളുകൾ എത്തുമെന്നാണ് സർക്കാരും ആരോഗ്യവകുപ്പും പ്രതീക്ഷിക്കുന്നത്.