പാലക്കാട്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി റെഡ് സോണുകളിൽ നിന്ന് മടങ്ങുന്നവരെ സർക്കാർ മാർഗ നിർദേശങ്ങൾക്കനുസൃതമായി 14 ദിവസം ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ പ്രവേശിപ്പിക്കും. 60 വയസിന് മുകളിലുള്ളവർ, 14ന് താഴെയുള്ളവർ, ഗർഭിണികൾ, പങ്കാളി എന്നിവർ 14 ദിവസം നിർബന്ധമായും വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം.
പാസില്ലാതെ നിർദ്ദിഷ്ട അതിർത്തികളിൽ എത്തുന്നവരെ അതത് ജില്ലകളിൽ 14 ദിവസത്തെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ പ്രവേശിപ്പിക്കും. റെഡ് സോൺ ജില്ലകളിൽ നിന്നെത്തുന്നവർക്ക് സ്വന്തം ചെലവിലും ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ അനുവദിക്കും. സൗകര്യങ്ങളുടെ ലഭ്യതക്കനുസരിച്ചാവും ഇത്തരത്തിൽ അനുവദിക്കുക. റെഡ് സോൺ ജില്ലകളിൽ നിന്നെത്തുന്നവരെ അവരുടെ യാത്ര പൂർത്തീകരിക്കുന്ന ജില്ലയിലാണ് ക്വാറന്റൈനിൽ പ്രവേശിപ്പിക്കേണ്ടത്. ക്വാറന്റൈനിൽ പ്രവേശിക്കുന്നതിന് മുമ്പ് മേൽവിലാസവും മറ്റു വിവരങ്ങളും അധികൃതർക്ക് നൽകണം. സ്വന്തം വാഹനത്തിലും ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഏർപ്പാടാക്കുന്ന സർക്കാർ വാഹനത്തിലും നിരീക്ഷണത്തിന് നിർദേശിക്കപ്പെടുന്ന ഇൻസ്റ്റിറ്റിയൂഷനിൽ എത്താം. നിരീക്ഷണത്തിൽ പ്രവേശിക്കുന്നവരുടെ വിവരം തദ്ദേശ സ്ഥാപനങ്ങൾ, പൊലീസ് മുഖേന ഇജാഗ്രതയിൽ അപ്‌ഡേറ്റ് ചെയ്യണം. നിർദേശിച്ചിട്ടും ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈനിൽ പ്രവേശിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും.