hotal-ctr
ചിറ്റൂർ നഗരസഭ ജനകീയ ഹോട്ടലിന് വേണ്ട അരി ഗ്രീൻ ഫീൽ്ഡ് ഫാർമേഴ്സ് ക്ലബ് ഭാരവാഹികളിൽ നിന്ന് നഗരസഭാദ്ധ്യക്ഷൻ കെ.മധു ഏറ്റുവാങ്ങുന്നു

ചിറ്റൂർ: നഗരസഭയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച സമൂഹ അടുക്കള ഇനി 'തണൽ" വനിതാ കാന്റീൻ ആയി പ്രവർത്തിക്കും. പൊതുജനങ്ങൾക്ക് 20 രൂപയ്ക്ക് ഉച്ചയൂൺ ലഭിക്കുന്ന ജനകീയ ഹോട്ടലാകുമിത്. ഗ്രീൻ ഫീൽഡ് ഫാർമേഴ്സ് ക്ലബും 18 പാടശേഖര സമിതികളും ചേർന്ന് 40 ചാക്ക് അരി ഹോട്ടൽ നടത്തിപ്പിന് കുറഞ്ഞ നിരക്കിൽ നൽകും.

അരി സിവിൽ സപ്ലൈസ് വകുപ്പിൽ നിന്ന് കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കുമെങ്കിലും നടത്തിപ്പ് ലാഭകരമല്ലാത്തതിനാലാണ് നഗരസഭ മുൻകൈ എടുത്ത് കർഷകരിൽ നിന്ന് നേരിട്ട് അരി സംഭരിക്കാൻ തയ്യാറായത്. 2000 കിലോ അരിയാണ് ഇത്തരത്തിൽ വിതരണം ചെയ്യുക.

ആദ്യ ഗഡുവായി 100 കിലോ അരി ക്ലബ് പ്രസിഡന്റ് ടി.എ.വിശ്വനാഥൻ, ചീഫ് കോഡിനേറ്റർ സനു എം.സനോജ്, ചിറ്റൂർ റൂറൽ ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ കെ.എച്ച്.ഹരീഷ്, ക്ലബ്ബ് സി.ഇ.ഒ എൻ.ദിനേഷ് എന്നിവരിൽ നിന്ന് നഗരസഭാദ്ധ്യക്ഷൻ കെ.മധു ഏറ്റുവാങ്ങി.

ഉപാദ്ധ്യക്ഷ കെ.എ.ഷീബ, സ്ഥിരസമിതി അദ്ധ്യക്ഷരായ കെ.സി.പ്രീത്, ജി.സാദിഖലി, പി.രത്നമണി, സി.ഷീജ, കൗൺസിലർ എ.കണ്ണൻകുട്ടി, സെക്രട്ടറി എ.നൗഷാദ് സംബന്ധിച്ചു.