hamsa
ചന്ദന തടികളുമായി പിടിയിലായ ഹംസ

മണ്ണാർക്കാട്: 6.23 കിലോ ചന്ദന തടികളുമായി പുലാപ്പറ്റ ഉമ്മനഴി നെല്ലികുന്നത്ത് വീട്ടിൽ ഹംസയെ വനം വകുപ്പ് പിടികൂടി. മാർച്ച് 21നും മേയ് 13നും കോട്ടോപ്പാടം പുറ്റാനിക്കാട് ഭാഗത്ത് നിന്ന് ചന്ദന തടികൾ മോഷണം പോയിരുന്നു. അന്വേഷണത്തിൽ ഈ ദിവസങ്ങളിൽ പ്രദേശത്ത് ഹംസയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി വിവരം ലഭിച്ചു. തുടർന്ന് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.

ഇതിനിടെയാണ് ഉമ്മനഴിയിൽ വെച്ച് തടികൾ കൈമാറാനുള്ള ശ്രമത്തിനിടെ വനം വകുപ്പ് ഇയാളെ പിടികൂടിയത്. മരം മുറിക്കാൻ ഉപയോഗിച്ച ആയുധങ്ങളും ബൈക്കും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വർഷവും ഇവിടെ നിന്ന് തടി മോഷ്ടിച്ചത് ഇയാളാണെന്ന് കണ്ടെത്തി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

തിരുവിഴാംകുന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എം.ശശികുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതിയെ പിടികൂടിയത്. ഫോറസ്റ്റ് ഓഫീസർമാരായ യു.ജയകൃഷ്ണൻ, ഒ.ഹരിദാസ്, ബീറ്റ് ഓഫീസർമാരായ സി.മുഹമ്മദ് അൽത്താഫ്, കെ.കെ.മുഹമ്മദ് സിദ്ധിഖ്, ജി.ഗിരിജ, കെ.എസ്.സന്ധ്യ, കെ.സരസ്വതി, ഡ്രൈവർ കെ.എ.പ്രദീപ്, വാച്ചർ പി.അബ്ദു തുടങ്ങിയവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.