indian-rupee
രൂപ

പാലക്കാട്: ലോക്ക് ഡൗണിനെ തുടർന്ന് വായ്പകൾക്ക് റിസർവ് ബാങ്ക് അനുവദിച്ച മൊറട്ടോറിയം കാലാവധി അവസാനിക്കുന്നതിന് മുമ്പ് തിരിച്ചടവിന് നിർബന്ധിച്ച് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ സാധാരണക്കാരെ വലയ്ക്കുന്നു. ചിറ്റൂർ, കൊഴിഞ്ഞാമ്പാറ കൊല്ലങ്കോട്, നെന്മാറ, വടക്കഞ്ചേരി, മേഖലകളിലാണ് ഇടപാടുകാരെ ഫോണിൽ വിളിച്ച് വായ്പ തിരിച്ചടക്കാൻ നിർബന്ധിക്കുന്നത്. കഴിഞ്ഞ ദിവസം കളക്ഷൻ ഏജന്റുമാരെത്തി പലരിൽ നിന്നും പണം വാങ്ങിയതായും സൂചനയുണ്ട്.

മാർച്ച് ഒന്നുമുതൽ മേയ് 31 വരെയാണ് മൊറട്ടോറിയം കാലാവധി. സ്ത്രീകളുടെ നേതൃത്വത്തിൽ ചെറുസംഘങ്ങൾ പരസ്പരം ജാമ്യം നിന്ന് പല മൈക്രാ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്നും 10,000 മുതൽ ഒരുലക്ഷം വരെ വായ്പയെടുത്തിട്ടുണ്ട്. പലരും ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്തവരാണ്.

അതിർത്തി പ്രദേശങ്ങളിൽ കേന്ദ്രീകരിച്ച് പത്തോളം ധനമിടപാട് സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. കൊവിഡ് പ്രതിസസി കാരണം സ്ത്രീകൾ ഉൾപ്പെടെ ഭൂരിഭാഗം പേരുടെയും ജോലി നഷ്ടമായ അവസ്ഥയാണ്. ചിലർ ജോലിക്ക് പോകുന്നുണ്ടെങ്കിലും മിക്ക സ്ഥാപനങ്ങളും ശമ്പളം വെട്ടിക്കുറച്ചിട്ടുണ്ട്. ലോക്ക് ഡൗൺ പിൻവലിച്ച് വിവിധ തൊഴിൽ മേഖലകൾ സജീവമായാലേ ആളുകളുടെ കൈയിളിൽ പണമെത്തൂ. ഈ സാഹചര്യത്തിൽ മാത്രമേ വായ്പാ തിരിച്ചടവും സാദ്ധ്യമാകൂ.

  1. മൂന്നാം ഘട്ട ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിച്ചതോടെയാണ് ഇടപാടുകാരെ തെറ്റിദ്ധരിപ്പിച്ച് മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്നുള്ള ഫോൺ വിളികൾ എത്തിയത്. തുടർന്നുള്ള ദിവസങ്ങളിൽ കളക്ഷൻ ഏജന്റുമാരുമെത്തി.
  2. കാർഷിക, നിർമ്മാണ, ചെറുകിട വ്യാപാര മേഖലകൾക്ക് പ്രവർത്തനാനുമതി ഉണ്ടെങ്കിലും ഉൾനാടുകളിൽ പൊതുഗതാഗതത്തെ ആശ്രയിക്കുന്ന വലിയ വിഭാഗം ആളുകളും തൊഴിലിടങ്ങളിൽ എത്തിയിട്ടില്ല. ഇവരാണ് ഏറെ പ്രതിസന്ധിയിലായത്. തൊഴിപ്പുറപ്പുകാർക്ക് ജോലിയുണ്ടെങ്കിലും പണം അക്കൗണ്ടിലെത്തിയിട്ടില്ല.
  3. ചിറ്റൂർ മേഖലയിലുള്ള സ്ത്രീകളിൽ 75 ശതമാനവും തമിഴ്നാട്ടിലാണ് ജോലിക്ക് പോകുന്നത്. ഇവർക്കും കഴിഞ്ഞ രണ്ടുമാസമായി ജോലിയും വരുമാനവും ഇല്ല. ലോക്ക് ഡൗൺ അവസാനിച്ച് അന്തർ സംസ്ഥാന യാത്ര സുഗമമായാലും ഇവർക്കെല്ലാം തമിഴ്നാട്ടിലെ കമ്പനികളിൽ ജോലിയുണ്ടാവുമെന്ന് ഉറപ്പില്ല.
  4. ഈ പ്രതിസന്ധികൾക്കിടെയാണ് വായ്പാ തിരിച്ചടവ് എന്ന പേരിൽ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ സാധാരണക്കാരെ വരിഞ്ഞ് മുറുക്കുന്നത്. ഇനി വായ്പ തന്നില്ലെങ്കിലോ എന്ന് പേടിച്ച് പലരും പൊലീസിൽ പരാതിപ്പെടാൻ തയ്യാറാല്ല.